revolutionary-song-aloshi-adam-response

കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ വിപ്ലവഗാനം പാടിയത് പ്രേക്ഷകർ ആവശ്യപ്പെട്ടതിനാലാണെന്ന് ഗായകൻ അലോഷി ആദം മനോരമ ന്യൂസിനോട് പറഞ്ഞു. ഒരു പാട്ടും പാടരുതെന്ന് കമ്മിറ്റിക്കാർ പറഞ്ഞിട്ടില്ലെന്നും ആവശ്യപ്പെട്ട പാട്ട് പാടുന്നത് കലാകാരന്റെ ധർമ്മമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദത്തിന്റെ ആവശ്യമില്ലെന്നും ഡി.വൈ.എഫ്.ഐയുടെ എഴുത്തും പതാകയും പശ്ചാത്തലത്തിൽ വന്നതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷേത്രത്തിൽ വിപ്ലവഗാനം പാടിയത് വിവാദമായതിനെ തുടർന്നാണ് അദ്ദേഹം വിശദീകരണം നൽകിയത്.

അതേസമയം കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിൽ വിപ്ലവഗാനം പാടിയത് ഗുരുതര തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്. ഉപദേശക സമിതിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും പ്രസിഡൻ്റ് മനോരമ ന്യൂസിനോട് പറഞ്ഞു.

ഗസൽ, വിപ്ലവ ഗായകനായ കണ്ണൂർ സ്വദേശി അലോഷി ആദമാണ് "പുഷ്പനെ അറിയാമോ" എന്ന വിപ്ലവഗാനം പാടിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് ഡിവൈഎഫ്ഐയുടെ പതാക പശ്ചാത്തലത്തിലൊരുക്കി വിപ്ലവ ഗാനം പാടിപ്പിച്ചതിലാണ് നടപടി. ഉപദേശക സമിതിയുടെ വീഴ്ച ദേവസ്വം വിജിലൻസ് എസ്.പി. അന്വേഷിക്കും. വീഴ്ച കണ്ടെത്തിയാൽ കടുത്ത നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രങ്ങളിൽ ഒരു പാർട്ടിയുടെയും ചിഹ്നങ്ങളോ കൊടികളോ പാടില്ലെന്ന് ഹൈക്കോടതി വിധിയുണ്ട്. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും പി.എസ്. പ്രശാന്ത് കൂട്ടിച്ചേർത്തു. ഉത്സവ കമ്മിറ്റി വിപ്ലവഗാനം നിർബന്ധിച്ചു പാടിപ്പിച്ചതല്ലെന്നും സദസ്സിൽ നിന്ന് ആവശ്യപ്പെട്ടപ്പോൾ ഗായകൻ അലോഷി പാടിയതാണെന്നുമാണ് ഉപദേശക സമിതി ഭാരവാഹികളുടെ വിശദീകരണം. സി.പി.എമ്മിൻ്റെ സംഘടനയായ വ്യാപാരി വ്യവസായി സമിതി മടത്തറ, ആൾത്തറമൂട് യൂണിറ്റുകൾ, വ്യാപാരി വ്യവസായി സമിതി കടയ്ക്കൽ ഏരിയ കമ്മിറ്റി എന്നിവരുടെ വഴിപാടായാണ് സംഗീത പരിപാടി നടത്തിയത്.

ENGLISH SUMMARY:

Singer Aloshi Adam clarified that he sang the revolutionary song at Kadakkal Devi Temple upon the audience's request. He stated that the temple committee did not prohibit any songs and that fulfilling audience requests is a singer's duty. He also mentioned that he was unaware of the DYFI banners and flags in the background and emphasized that the controversy was unnecessary. His response comes after the temple performance sparked debate.