അടുത്ത സംസ്ഥാന പൊലീസ് മേധാവിയാകാനുള്ള പ്രാഥമിക പട്ടികയിൽ എം.ആർ.അജിത് കുമാർ ഉൾപ്പടെ ആറു പേർ ഇടംപിടിക്കും. മനോജ് എബ്രഹാം ഉൾപ്പടെ നാല് പേർ കേരളത്തിലും രണ്ടുപേർ കേന്ദ്ര ഡപ്യൂട്ടേഷനിലുമാണ്. ഇവരുടെ താൽപര്യം അറിഞ്ഞ ശേഷമായിരിക്കും പട്ടിക കേന്ദ്രത്തിന് കൈമാറുന്നത്. ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് ജൂൺ 30ന് സംസ്ഥാന പൊലീസ് മേധാവി പദവിയിൽ നിന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പിൻഗാമിയെ കണ്ടെത്താനുള്ള നടപടി ആരംഭിച്ചത്.
ആറുപേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയ സർക്കാർ ഇവരുടെ വിവരങ്ങൾ കൈമാറാൻ ഡിജിപിയോട് ആവശ്യപ്പെട്ടു. റോഡ് സുരക്ഷാ കമ്മിഷണർ നിതിൻ അഗർവാൾ ആണ് സീനിയോറിറ്റിയില്‍ ഒന്നാമത്. ഐ.ബി അഡീഷണൽ ഡയറക്ടർ റവാഡാ ചന്ദ്രശേഖർ രണ്ടും വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത മൂന്നും മനോജ് എബ്രഹാം നാലാം സ്ഥാനത്തുമുണ്ട്. എസ്പിജി അഡീഷണൽ ഡയറക്ടർ സുരേഷ് രാജ് പുരോഹിതിന് ശേഷം ആറാം സ്ഥാനത്താണ് എം.ആർ.അജിത് കുമാർ.
ഇവരെല്ലാം താല്പര്യമറിയിച്ചാൽ ഏപ്രിൽ പകുതിയോടെ പട്ടിക കേന്ദ്രത്തിന് കൈമാറും. അത് വിലയിരുത്തി മൂന്നുപേരുടെ ചുരുക്കപ്പട്ടിക കേന്ദ്രം തിരിച്ചയക്കും. അതിൽനിന്ന് ഒരാളെ സംസ്ഥാന സർക്കാരിന് തിരഞ്ഞെടുക്കാം. അട്ടിമറികൾ ഉണ്ടായില്ലെങ്കിൽ നിധിൻ അഗർവാൾ, റവാഡാ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നീ മൂന്ന് പേരാകും അന്തിമ പട്ടികയിൽ. അങ്ങിനെയെങ്കിൽ ഇപ്പോൾ കേരളത്തിലുള്ളവർ എന്ന പരിഗണന നിധിൻ അഗർവളിനും യോഗേഷ് ഗുപ്തയ്ക്കും അനുഗ്രഹമായേക്കും. യോഗേഷിനാണ് കൂടുതൽ സാധ്യത.
ജൂണിൽ ഉണ്ടാകുന്ന ഐബി ഡയറക്ടർ ഒഴിവിലേക്ക് അഡീഷണൽ ഡയറക്ടർ ആയ റവാഡ ചന്ദ്രശേഖറിനെ പരിഗണിക്കുന്നുണ്ട്. അങ്ങനെ വന്നാൽ അദ്ദേഹം പട്ടികയിൽ നിന്ന് ഒഴിവാകും. അപ്പോൾ മനോജ് എബ്രഹാം അന്തിമപട്ടികയിൽ ഇടംപിടിക്കുകയും ഡിജിപി ആകാൻ സാധ്യതയേറുകയും ചെയ്യും. ആറുപേരുടെ പട്ടികയിൽ മൂന്നുപേർ തള്ളിപ്പോയാൽ മാത്രമേ അവസാന സ്ഥാനത്തുള്ള അജിത് കുമാർ അന്തിമ പട്ടികയിൽ ഇടംപിടിക്കൂ. അന്തിമ പട്ടികയിലെത്തിയാൽ, മുഖ്യമന്ത്രിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന അജിത് കുമാറിന് നറുക്ക് വീണേക്കാം.