trivandrum-medicalcollage

തിരുവനന്തപുരം മെഡിക്കൽ കോളജിൽ അലക്ഷ്യമായി കൈകാര്യം ചെയ്ത രോഗികളുടെ ശരീര സാംപിളുകൾ ആക്രിക്കാരൻ എടുത്തു കൊണ്ടുപോയി. പതോളജി ലാബിന്‍റെ പടിക്കെട്ടിൽ വച്ചുപോയ 17 രോഗികളുടെ സാംപിളുകളാണ് ആക്രിയെന്ന് കരുതി ഇതര സംസ്ഥാനക്കാരന്‍ മോഷ്ടിച്ചത്. മെഡിക്കൽ കോളജ് ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയെന്നും തിരികെ കിട്ടിയ സാംപിളുകൾ സുരക്ഷിതമെന്നും പതോളജി വിഭാഗം മേധാവി ഡോ. ലൈല രാജി മനോരമ ന്യൂസിനോട്  പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരുടെ ഗുരുതര  അനാസ്ഥയിലാണ് 17 രോഗികളുടെ ജീവനും ജീവിതവും മണിക്കൂറുകളോളം ആശങ്കയിലായത്. ഇന്നലെ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെ പരിശോധനയ്ക്കയച്ച സാം പിളുകൾ ആംബുലൻസിൽ ആശുപത്രി അറ്റൻഡറാണ് ലാബിലേയ്ക്ക് കൊണ്ടുപോയത്. ആംബുലൻസ് പതോളജി വിഭാഗത്തിന്റെ മുറ്റം വരെ എത്തുമെങ്കിലും എളുപ്പം നോക്കി വിവിധ ലാബുകൾക്ക് ഇടയിലായി നിർത്തും. ബോക്സിൽ സൂക്ഷിച്ചിരുന്ന പതോളജി സാംപിളുകൾ കെട്ടിടത്തിന്റെ പടിക്കെട്ടിൽ ഇറക്കി വച്ചു. തുടർന്ന്  മൈക്രോബയോളജി ലാബിലേയ്ക്ക് സാംപിളുകളായി പോയ അറ്റൻഡർ തിരികെ വന്നപ്പോൾ പടിക്കെട്ടിൽ വച്ച പെട്ടി കണ്ടില്ല.  പൊലീസിൽ പരാതി നല്കി തിരയുന്നതിനിടെയാണ് ആക്രിക്കാരന്റെ കൈവശം  പെട്ടി കണ്ടത്തിയത്. 

തുടർന്ന് സാം പിളുകൾ ലാബിലേയ്ക്ക് മാറ്റി. ലാബിലേയ്ക്ക് എത്തിക്കാൻ വഴി സൗകര്യമുള്ളപ്പോൾ അലക്ഷ്യമായി കൈകാര്യം ചെയ്തത് എന്തുകൊണ്ടെന്ന് മെഡിക്കൽ കോളജ് അധികൃതരാണ് വിശദീകരിക്കേണ്ടതെന്ന് പതോളജി മേധാവി പറഞ്ഞു. പെട്ടി കിട്ടിയതോടെ  വിട്ടയച്ച ഇതര സംസ്ഥാനക്കാരനായ  ആക്രിക്കക്കാരനെ സംഭവം വിവാദമായതോടെ വീണ്ടും കസ്റ്റഡിയിലെടുത്തു.

ENGLISH SUMMARY:

Test samples sent to lab lost