കൊച്ചി മേനക ജംഗ്ഷനില്‍ വീട്ടമയുടെ ജീവനെടുത്ത ബൈക്ക് അപകടത്തിന് പിന്നില്‍ സ്വകാര്യബസുകളുടെ അശ്രദ്ധമായ ഡ്രൈവിങ് . ഒരേ ബസുടമയുടെ രണ്ടു സ്വകാര്യബസുകളാണ് അപകടമുണ്ടാക്കിയത് . തോപ്പുംപടി മുണ്ടംവേലി കൈതവേലിക്കകത്തു വീട്ടില്‍ ലോറന്‍സിന്‍റെ ഭാര്യ മേരി സനിതയാണ് ബൈക്ക്‌യാത്രക്കിടെ ബസിടയില്‍പ്പെട്ടു മരിച്ചത്..അശ്രദ്ധവും അപകടകരമാംവിധമാണ് ബസ് ഓടിച്ചതെന്ന് പൊലീസ് പറഞ്ഞു. രണ്ട് ബസുകളും കസ്റ്റഡിയിലെടുത്ത് ഡ്രൈവർമാരെ പൊലീസ് പിടികൂടി.
ലോറന്‍സ് ഓടിച്ച ഇരുചക്രവാഹനത്തിന്‍റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു മേരി സനിത. ബ്രോഡ്‌വേയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്നു ദമ്പതികള്‍. ഈ സമയം പിന്നില്‍ നിന്നെത്തിയ സ്വകാര്യ ബസ് ബൈക്കിനെ മറികടന്ന ശേഷം ഇടത്തോട്ട് തിരിച്ച് സ്റ്റോപ്പില്‍ നിര്‍ത്തി . വഴിയടഞ്ഞതോടെ വലത്തോട്ട് തിരിഞ്ഞ് ബസിനെ മറികടന്ന് പോകാന്‍ ശ്രമിക്കുമ്പോള്‍ പിന്നില്‍ നിന്ന് എത്തിയ ബസ് ബൈക്കിനെ ഇടിച്ചിടുകായിരുന്നു. ബൈക്കിന് പിന്നില്‍ യാത്രചെയ്യുകയായിരുന്ന സനിത ഇടിച്ച ബസിനടിയിലേക്ക് തെറിച്ചുവീണു. യുവതിയെ കുറേദൂരം വലിച്ചിഴച്ച ശേഷമാണ് ബസ് നിന്നത്.
യാത്രക്കാരും വ്യാപാരികളും ചേര്‍ന്ന് ബസിനടിയില്‍നിന്നും പുറത്തെടുത്ത് സനിതയെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നിസ്സാരപരുക്കുകളോടെ രക്ഷപ്പെട്ട ലോറന്‍സിനെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഡിസ്ചാര്‍ജ് ചെയ്തു. കോണ്‍ട്രാക്ടറാണ് ലോറന്‍സ്. സനിതയുടെ സംസ്കാരം ഇന്നു നാലിനു മുണ്ടംവേലി സെന്റ് ലൂയിസ് പള്ളിയില്‍ നടക്കും. പത്താംക്ലാസ് വിദ്യാര്‍ഥി ഡാര്‍വിനും എട്ടാംക്ലാസ് വിദ്യാര്‍ഥി ദിയയും മക്കളാണ്. ഫോര്‍ട്ടുകൊച്ചി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആലുവ–ഇടക്കൊച്ചി റൂട്ടിലോടുന്ന സ്വകാര്യബസുകളാണ് അപകടമുണ്ടാക്കിയത്. ഇവര്‍ക്കെതിരെ കേസെടുത്തതായി സെന്‍ട്രല്‍പൊലീസ് അറിയിച്ചു.