മലപ്പുറം പാണ്ടിക്കാട്ടിൽ നോമ്പുതുറക്കായി പന്തലൊരുക്കുന്ന ഒരു ക്ഷേത്രമുണ്ട്. ദീപാരാധനയ്ക്ക് ശേഷം നോമ്പ് തുറന്ന് താലപ്പൊലി ആഘോഷിക്കുന്ന ചെമ്പ്രശേരി പുളിവെട്ടിക്കാവിൽ വീരഭദ്ര സ്വാമി ക്ഷേത്രം. ക്ഷേത്രത്തിലെ ജനകീയ പൂരം കമ്മറ്റിയാണ് സമൂഹനോമ്പുതുറ ഒരുക്കിയത്.
ക്ഷേത്രത്തിൽ ദീപാരാധന അറിയിച്ചു കൊണ്ടുള്ള കതിന വെടി മുഴങ്ങി. ഇനി നോമ്പ് തുറയുടെ സമയമാണ്. ക്ഷേത്രത്തിനു സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പഴങ്ങളും എണ്ണക്കടികളും നിറഞ്ഞു. പിന്നാലെ വെജിറ്റബിൾ ബിരിയാണിയും വിളമ്പി.
കഴിഞ്ഞ വർഷം മുതലാണ് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നോമ്പ് തുറ ആരംഭിച്ചത്. ക്ഷേത്രത്തിലെ താലപ്പൊലി നാട്ടിലെ ജനകീയ ഉത്സവമാണ്. ഇപ്പോൾ അതിന്റെ ഭാഗമാണ് നോമ്പ് തുറയും. ആയിരത്തിലധികം പേരാണ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ ക്ഷേത്രത്തിലെത്തിയത്.