കോഴിക്കോട് ബാലുശേരിയില്‍ ക്ഷേത്രോത്സവത്തിന് അനുമതി ഇല്ലാതെ ആനയെ എഴുന്നള്ളിച്ചതില്‍ ആരു നടപടി എടുക്കുമെന്നതില്‍ അനിശ്ചിതത്വം. ആനയെയും ഉടമയെയും പൊലീസ് ആണോ വനംവകുപ്പാണോ കസ്റ്റഡിയില്‍ എടുക്കേണ്ടത് എന്നതിലാണ് അഭിപ്രായവ്യത്യാസം. ഇരു വിഭാഗവും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചതോടെ നടപടി നോട്ടിസില്‍ ഒതുങ്ങാനുള്ള സാധ്യതയേറി.
ഫെബ്രുവരി 26ന് ബാലുശേരി പൊന്നരംതെരു ക്ഷേത്രത്തില്‍ ഗജേന്ദ്രന്‍ എന്ന ആനയെ അനുമതി ഇല്ലാതെ എഴുന്നള്ളിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കം. ക്ഷേത്രകമ്മറ്റിക്കും നടത്തിപ്പുകാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നാട്ടാനപരിപാലന കമ്മിറ്റി തീരുമാനിച്ചിരുന്നു. ആനയുടെ ഉടമസ്ഥനെതിരെ 2021, 23 വര്‍ഷങ്ങളിലും പരാതികള്‍ ലഭിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്ത് വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ ചുമത്തി നടപടി എടുക്കണമെന്ന് സോഷ്യല്‍ ഫോറസ്ട്രിയും നിര്‍ദേശിച്ചു. ഇതിന്‍റെ എല്ലാം അടിസ്ഥാനത്തിലാണ് ആനയെ കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചത്. പൊലീസ് ആണ് ആനയെയും ഉടമയെയും കസ്റ്റഡിയില്‍ എടുക്കേണ്ടതെന്നാണ് വനംവകുപ്പിന്‍റെ നിലപാട്. നടപടി എടുക്കാന്‍ റൂറല്‍ എസ്പിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാഭരണകൂടവും പറയുന്നു. എന്നാല്‍ വനംവകുപ്പ് കേസെടുത്ത വിഷയത്തില്‍ വീണ്ടും കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസിന്‍റെ നിലപാട്. വനംവകുപ്പിന് വേണ്ട സഹായങ്ങള്‍ നല്‍കിയാല്‍ മതിയെന്നും പൊലിസ് വിശദീകരിക്കുന്നു. ഇനി ആനയെ കസ്റ്റഡിയില്‍ എടുത്താല്‍ എവിടെ സൂക്ഷിക്കുമെന്നാണ് പൊലിസിന്‍റെ ചോദ്യം. ഇതിന് വനംവകുപ്പിന് ഉത്തരവുമില്ല.