വണ്ടിപ്പെരിയാറിലെ ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയുടെ ആക്രമണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് വനംവകുപ്പ് ജീവനക്കാരനായ എം ജെ മനു. മനുവിനെ ആക്രമിച്ചപ്പോഴാണ് വനംവകുപ്പിന് കടുവയുടെ നേർക്ക് വെടിയുതിർക്കേണ്ടി വന്നത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മനു കുമളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്.
കടുവ ആദ്യം ഷീല്‍ഡിലാണ് അടിച്ചതെന്നും അതിനുശേഷം തലക്ക് അടിച്ചപ്പോള്‍ ഹെല്‍മറ്റ് തെറിച്ച് പോയെന്നും മനു മനോരമ ന്യൂസിനോട് പറഞ്ഞു.
'ഒപ്പമുണ്ടായിരുന്ന ഡോക്ടറെ സംരക്ഷിക്കുക എന്നാതായിരുന്നു ഞങ്ങളുടെ ഡ്യൂട്ടി. തേയിലത്തോട്ടത്തില്‍ കയറി കടുവയെ കണ്ടെത്തിയ ആദ്യത്തെ മയക്കുവെടി വച്ചു. അത് കൊണ്ടോ ഇല്ലയോ എന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ലായിരുന്നു. രണ്ടാമത്തെ മയക്കുവെടി വച്ചത് കൊണ്ടു. വെടി കൊണ്ടയുടനെ കടുവ ചാടി എഴുന്നേറ്റ് ആക്രമിക്കുകയായിരുന്നു. ആദ്യം ഷീല്‍ഡിനിട്ട് അടിച്ചു. അത് തടഞ്ഞപ്പോള്‍ തലക്കിട്ട് അടിച്ചു, ഹെല്‍മറ്റ് തലയില്‍ നിന്നും പോയി. അത്രയും ഓര്‍മയുള്ളൂ. പിന്നെ നടന്നതൊന്നും ഓര്‍മയില്ല. അവശനിലയിലായതുകൊണ്ട് പെട്ടെന്ന് ഒരു ആക്രമണം പ്രതീക്ഷിച്ചില്ല. നടക്കാനൊക്കെ പറ്റാത്തത് കൊണ്ട് ആക്രമണം പ്രതീക്ഷിച്ചില്ല,' മനു പറഞ്ഞു.
വെടിവക്കാതെ കടുവയെ ജീവനോടെ പിടികൂടാമായിരുന്നില്ലേ എന്ന ചോദ്യങ്ങള്‍ക്കും മനു ഉത്തരം നല്‍കി. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് ഇത് കണ്ടിരിക്കുന്നത് രസമുള്ള പരിപാടിയായിരിക്കും. നമ്മളും കുടുംബവും കുഞ്ഞുങ്ങളും ഉള്ള ആളാണ്. ഇതൊക്കെ ജോലിയുള്ള ഭാഗമായി ചെയ്യുന്നതാണ്. രസത്തിന് വേണ്ടി ചെയ്യുന്നതല്ല. കടുവയുടെ മുന്നില്‍ വന്ന് നിന്നാലേ അതിന്‍റെ ബുദ്ധിമുട്ട് മനസിലാവുകയുള്ളുവെന്നും മനു കൂട്ടിച്ചേര്‍ത്തു.
കടുവയുടെ ജഡം തേക്കടിയിലെത്തിച്ചു. നേരത്തെ കടുവ തോട്ടം തൊഴിലാളിയുടെ പശുവിനെയും നായയെയും കൊന്നിരുന്നു. നാരായണന്‍ എന്നയാളുടെ വളര്‍ത്തുമൃഗങ്ങളെയാണ് കൊന്നത്.