മുനമ്പം ഭൂമി പ്രശ്നം പരിശോധിക്കുവാൻ സംസ്ഥാന സർക്കാരാണ് ജുഡീഷ്യൽ കമ്മീഷനായി ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ നിയോഗിച്ചത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് വിവിധ കക്ഷികളുടെ അഭിപ്രായങ്ങൾ കമ്മീഷൻ കേട്ടു. മുനമ്പത്തെ വിവാദ ഭൂമിയിലെത്തി. പലതവണ സിറ്റിംഗ് നടത്തി. ഇതിനിടയിലാണ് ജുഡീഷ്യൽ കമ്മീഷന് നിയമസാധുതയില്ലെന്ന് ആരോപിച്ച് വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയെ സമീപിക്കുന്നത്. ഹർജിയിൽ കോടതി സർക്കാരിന്റെയും, വഖഫ് ബോർഡിന്റെയും നിലപാട് നേടി. വിശദമായ വാദം കേട്ടു. ഹർജി കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ നടപടികൾ നിർത്തിവച്ചു.
പ്രധാനമായും മൂന്ന് ചോദ്യങ്ങൾക്കാണ് ഹർജിയിൽ കോടതി ഉത്തരം തേടിയത്.
1. മുനമ്പം ഭൂമി പ്രശ്നത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിനെതിരെ ഹർജി നൽകാൻ വഖഫ് സംരക്ഷണവേദിക്ക് അവകാശമുണ്ടോ?
2. ഭൂമി പ്രശ്നത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാൻ സർക്കാരിന് അധികാരമുണ്ടോ?
3. മുനമ്പത്തെ ഭൂമിപ്രശ്നം പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചതിന് നിയമസാധുതയുണ്ടോ?
മുനമ്പം ഭൂമി പ്രശ്നത്തിൽ നേരത്തെ കോടതിയെ സമീപിച്ചിരുന്നത് വഖഫ് സംരക്ഷണവേദിയാണ്. അതുകൊണ്ടുതന്നെ അവർക്ക് ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള അവകാശം ഉണ്ടെന്ന് കോടതി വ്യക്തമാക്കി. അതായത് ഹർജി നിയമപരമായി നിലനിൽക്കുമെന്നർത്ഥം.
ഭൂമിയുടെ ഉടമസ്ഥാവകാശം, സ്വത്ത് കൈമാറ്റം തുടങ്ങിയവ സംസ്ഥാനങ്ങളുടെ കൂടി അധികാരപരിധിയിൽ വരുന്ന വിഷയമാണ്. സ്വാഭാവികമായും ഇത്തരം വിഷയങ്ങളിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. ഇക്കാര്യം ഹൈക്കോടതി അംഗീകരിച്ചു.
എന്നാൽ ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരത്തിലാണ് സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടി നേരിട്ടത്. മുനമ്പത്തേത് സാധാരണ ഭൂമിപ്രശ്നമല്ല. അത് വഖഫ് ഭൂമിയുമായി ബന്ധപ്പെട്ടതാണ് വഖഫ് വിഷയം കൈകാര്യം ചെയ്യാൻ വഖഫ് ബോർഡും, ട്രൈബ്യുണലുമുണ്ട്. മുനമ്പത്തേത് വഖഫ് വകയാണെന്ന് വഖഫ് ബോർഡ് കണ്ടെത്തിയിട്ടുണ്ട്. വിഷയം വഖഫ് ട്രിബ്യൂണലിന് മുമ്പാകെയാണുള്ളത്. ട്രിബ്യൂണലിന് മുമ്പാകെയുള്ള വിഷയത്തിൽ മറ്റൊരു അന്വേഷണം നടത്താൻ കഴിയില്ല. മുനമ്പത്തെ ഭൂമി സംബന്ധിച്ച് വഖഫ് ബോർഡും കോടതികളും പുറപ്പെടുവിച്ചിട്ടുള്ള വിധികളൊന്നും പരിഗണിക്കാതെയാണ് സർക്കാർ കമ്മീഷനെ നിയോഗിച്ചത്. മനസിരുത്തിയല്ല സർക്കാർ നിയമനം നടത്തിയിരിക്കുന്നത്. യാന്ത്രികമായാണ് നടപടി. ജുഡീഷ്യൽ, അർധ ജുഡീഷ്യൽ അധികാരങ്ങൾ കമ്മീഷന് ഇല്ലെന്ന് സർക്കാർ വ്യക്തമാക്കിയെങ്കിലും നിയമന ഉത്തരവിൽ അക്കാര്യങ്ങളില്ല. ഇത്തരം പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുനമ്പം കമ്മീഷൻ്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയത്.
ഇനി സർക്കാരിന് മുന്നിൽ എന്താണ് വഴി?
ഒന്നുകിൽ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് അംഗീകരിക്കുക. അങ്ങനെയെങ്കിൽ മുനമ്പം പ്രശ്നം പരിഹരിക്കാൻ ഇനിയെന്ത് എന്ന ചോദ്യത്തിന് സർക്കാർ മറുപടി നൽകേണ്ടിവരും. അതല്ലെങ്കിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാം. അങ്ങനെ മുന്നോട്ടുപോകുമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. പക്ഷേ സിംഗിൾ ബെഞ്ച് ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുള്ള പ്രശ്നമുണ്ട്. എന്തിനാണ് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത് എന്നതിന്ന് കൃത്യമായ മറുപടി സംസ്ഥാന സർക്കാർ നൽകിയിട്ടില്ല എന്ന്. അതായത് കൃത്യമായി മറുപടി ഇല്ലാതെ ഡിവിഷൻ പോയാൽ അവിടെ നിന്നും തിരിച്ചടി കിട്ടുമെന്ന കാര്യം ഉറപ്പ്. ഇതൊന്നുമല്ലെങ്കിൽ വഖഫ് ട്രിബ്യൂണലിൻ്റെ അന്തിമ ഉത്തരവിനായി കാത്തിരിക്കുക എന്നതും സർക്കാരിൻ്റെ മുന്നിലുള്ള വഴിയാണ്.