സര്‍ക്കാരില്‍ നിന്നുള്ള വാടകത്തുക മുടങ്ങിയതോടെ വിവാഹ മോതിരം വിറ്റും വാടകത്തുക കണ്ടെത്തുകയാണ് ദുരന്തബാധിതര്‍. പലരോടും വാടക വീടുകളില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ ഉടമകള്‍ ആവശ്യപ്പെട്ടതോടെയാണ് ഉള്ളതും വിറ്റു അഭയം ഉറപ്പിക്കുന്നത്. നൂറോളം കുടുംബങ്ങളാണ് തുക മുടങ്ങി പ്രതിസന്ധിയിലായത്. ആദ്യകാലത്ത് വാടക കൃത്യമായി ലഭിച്ചില്ലെങ്കിലും ഇന്ന് സ്ഥിതി അങ്ങനെയല്ല. പലര്‍ക്കും വാടക തുക ലഭിച്ചിരുന്നത് മുടങ്ങി. വീടുകളില്‍ നിന്നും ഇറങ്ങേണ്ട സ്ഥിതിയായി. അവശേഷിക്കുന്ന വിവാഹ മോതിരം വിറ്റു വാടക കൊടുക്കുകയാണ് ദുരന്തബാധിതര്‍.
കല്‍പ്പറ്റക്കടുത്ത് വെങ്ങപ്പിള്ളിയിലെ കൊച്ചു വാടക വീട്ടിലാണ് അനില്‍കുമാറും പ്രജീഷും കുടുംബവും കഴിയുന്നത്. 5000 രൂപയാണ് മാസവാടക. വാടക മുടങ്ങിയതോടെ വീടൊഴിയാന്‍ ഉടമ അറിയിച്ചുണ്ട്. എങ്ങോട്ടു പോകുമെന്ന് അറിയാത്ത സ്ഥിതി. ജോലിയൊന്നും ആവാത്തതോടെ വരും ദിവസങ്ങളില്‍ എന്തു ചെയ്യുമെന്നാണ് ആശങ്ക. മറ്റു ചിലവുകള്‍ക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സമയത്താണ് സര്‍ക്കാര്‍ ഉറപ്പു നല്‍കിയ വാടക പോലും മുടങ്ങി പോകുന്നത്.
ദുരന്തബാധിതരായ അന്‍പതിലധികം കുടുംബങ്ങള്‍ക്കാണ് ഇത്തവണ വാടക മുടങ്ങിയത്. പലരും വീടൊഴിയേണ്ട അവസ്ഥയിലാണ്. അതിനിടെ ടൗണ്‍ഷിപ്പിനു അര്‍ഹരായ ദുരന്തഭൂമിയിലെ നോ ഗോ സോണില്‍പെട്ടവര്‍ക്ക് മാത്രമേ അടുത്ത മാസം മുതല്‍ വാടക കിട്ടുകയുള്ളൂ എന്നാണ് വിവരം. അങ്ങനെയെങ്കില്‍ ഒറ്റപ്പെട്ടു പോയ ബാക്കി കുടുംബങ്ങള്‍ എന്തുചെയ്യുമെന്നാണ് ചോദ്യം.