ആശാ വര്‍ക്കര്‍മാര്‍ക്ക് പിന്നാലെ ആരംഭിച്ച ഒരു വിഭാഗം അങ്കണവാടി ജീവനക്കാരുടെ സമരത്തെ തുടക്കത്തിലെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍. സമരക്കാര്‍ക്ക് ഓണറേറിയം നല്‍കേണ്ടെന്ന് വനിതാ ശിശുവികസന ഡയറക്ടര്‍ ഉത്തരവിറക്കി. പെന്‍ഷന്‍ ആറുമാസം കുടിശികയായതോടെ അങ്കണവാടി പെന്‍ ഷന്‍കാരും സമരം തുടങ്ങി.
ആശമാരെപ്പോലെ തന്നെ അങ്കണവാടി ജീവനക്കാരും തലവേദനയാകുമെന്ന് തിരിച്ചറിഞ്ഞാണ് സമരത്തെ നേരിടാനുളള സര്‍ക്കാര്‍ നീക്കം. സമരക്കാര്‍ക്ക് ഓണറേറിയം അനുവദിക്കരുതെന്നാണ് വനിതാ ശിശുവികസന ഡയറക്ടര്‍ ഉത്തരവിറക്കിയത്. പ്രീ സ്കൂള്‍ വിദ്യാഭ്യാസം നിഷേധിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും പഠനം നിലച്ചാല്‍ ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നുമാണ് ഉത്തരവിലുളളത്. എന്നാല്‍ രാപകല്‍ അധ്വാനിക്കുന്നവരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, മിനിമം വേതനം 21000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രണ്ടാം ദിവസവും സമരം തുടരുകയാണ് അങ്കണവാടി ജീവനക്കാര്‍.
കോണ്‍ഗ്രസ് സംഘടനയായ ഇന്ത്യന്‍ നാഷണല്‍ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്‍റെ നേതൃത്വത്തിലാണ് സമരം. ഇതിനിടെ ആറുമാസമായ പെന്‍ഷന്‍ കിട്ടാത്ത വിരമിച്ച ജീവനക്കാരും സമരം തുടങ്ങി.