ആശാവര്‍ക്കര്‍മാര്‍ തളളിയ കമ്മിറ്റി രൂപീകരണവുമായി മുമ്പോട്ട് പോകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തൊഴില്‍മന്ത്രിയെക്കണ്ട് ആശമാര്‍ വേതന വര്‍ധന ഉള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ചതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി പഴയ നിലപാട് ആവര്‍ത്തിച്ചത്. ഇതിനിടെ സമരത്തിനെതിരെ നിലപാട് എടുത്ത ഐഎൻടിയുസി അധ്യക്ഷൻ ആർ.ചന്ദ്രശേഖരന് കെ.പി.സി.സി താക്കീത് നല്കി
സമരത്തിന്‍റെ അമ്പത്തിയേഴാം ദിനം തൊഴില്‍ മന്ത്രിയെക്കണ്ട് നിവേദനം നല്കി ആശാ വര്‍ക്കര്‍മാര്‍. മന്ത്രി ആവശ്യങ്ങള്‍ മനസിലാക്കിയെന്നും ആരോഗ്യമന്ത്രിയോട് സംസാരിക്കാമെന്ന് ഉറപ്പു നല്കിയെന്നും സമരക്കാര്‍.
ഇതിനിടെ കോൺഗ്രസിനെയും യുഡിഎഫിനെയും നിരന്തരം വെട്ടിലാക്കി ആശാസമരത്തിനെതിരെ നിലപാടെടുത്ത ആർ.ചന്ദ്രശേഖരനെതിരെ കെ പി സി സി വടിയെടുത്തു. മന്ത്രി വീണാ ജോർജ് വിളിച്ച യോഗത്തിൽ സർക്കാർ കമ്മിറ്റി രൂപീകരണത്തെ ചന്ദ്രശേഖരൻ അനുകൂലിച്ചത് ഗുരുതര അച്ചടക്കലംഘനമാണെന്ന് നേതൃത്വം വിലയിരുത്തി. ചന്ദ്രശേഖരനെ താക്കീത് ചെയ്ത കെ.സുധാകരൻ, പാർട്ടിക്ക് വിരുദ്ധമായ നിലപാട് തുടർന്നാൽ കടുത്ത അച്ചടക്കനടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. അതേസമയം, ജനറൽസെക്രട്ടറിയായ ശേഷമുള്ള അഭിമുഖത്തിൽ ആശാസമരത്തോടുള്ള വിയോജിപ്പ് എം എ ബേബി പരസ്യമാക്കി.