ഇടുക്കി പരുന്തുംപാറയിലെ ഉൾപ്പെടെ ഭൂമി കയ്യേറ്റങ്ങൾ സർക്കാരിന്‍റെ അറിവോടെയെന്ന് പ്രതിപക്ഷം നിയമസഭയിൽ. സർക്കാരിന്‍റെ ഉദാസീനത മൂലം മലയോര ജനത ഉത്കണ്ഠയിലാണെന്നും കുടിയേറ്റക്കാരെ സംരക്ഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപെട്ടു. അതേസമയം, കയ്യേറ്റകാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് റവന്യൂമന്ത്രി കെ.രാജൻ പറഞ്ഞു.
പരുന്തുംപാറയിലെ ഉൾപ്പെടെ ഭൂമി കയ്യേറ്റ പ്രശ്നം നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടിസ് നൽകിയത്. കയ്യേറ്റത്തിന് പിന്നിൽ ഇടുക്കിക്കാർ അല്ലെന്നും പുറത്തുനിന്നുള്ളവരാണെന്നും നോട്ടിസ് നൽകിയ മാത്യൂ കുഴൽനാടൻ ആരോപിച്ചു. ഇടുക്കി പാക്കേജിനെയും കുഴൽനാടൻ പരിഹസിച്ചു.
കുടിയേറ്റത്തിന്‍റെ മറവിൽ കയ്യേറ്റo അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ റവന്യുമന്ത്രി കയ്യേറ്റങ്ങളിൽ അന്വേഷണം നടക്കുകയാണെന്ന് പറഞ്ഞു. കയ്യേറ്റവും കുടിയേറ്റവും രണ്ടായി കാണണമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, പരുന്തുംപാറ, പൊക്രമുടി, കല്ലമ്പലം എന്നിവിടങ്ങളിലെ ഭൂമി കയ്യേറ്റങ്ങളിൽ സർക്കാരിനെ പ്രതികൂട്ടിൽ നിർത്തി.