ആരോഗ്യപ്രശ്നങ്ങളുയർത്തി പ്രതികൾ ജാമ്യം തേടുന്നതിനെതിരെ വിമർശനവുമായി വീണ്ടും ഹൈക്കോടതി. ആരോഗ്യത്തോടെ നടന്ന് പോകുന്ന പ്രതികള്‍ പെട്ടെന്ന് ‘കുഴഞ്ഞുവീഴുന്ന’ പ്രവണത അവസാനിപ്പിക്കണമെന്ന് കോടതി പറഞ്ഞു. ജയിലിലെ ചികിത്സാ സംവിധാനങ്ങൾ സംബന്ധിച്ച് റിപ്പോര്‍ട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.
പാതിവല തട്ടിപ്പുകേസിലെ പ്രതി കെ.എൻ.ആനന്ദകുമാറിന്‍റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമർശനം. ആരോഗ്യത്തോടെ നടന്ന് പോകുന്ന പ്രതികള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുന്നത് കാണാം. ഈ പ്രവണത അവസാനിപ്പിക്കണം. ഇത്തരം നെഞ്ചുവേദനയും കുഴഞ്ഞുവീഴലും തുടരാനാവില്ലെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു
പ്രതികള്‍ കോടതി മുറിയില്‍ കുഴഞ്ഞുവീഴുമ്പോള്‍ മജിസ്‌ട്രേറ്റുമാര്‍ നിസഹായരാകും. അതുകൊണ്ട് തന്നെ പ്രതികള്‍ക്ക് സമ്പൂര്‍ണ്ണ ആരോഗ്യ പരിശോധന നടത്താന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുമെന്ന് കോടതി വ്യക്തമാക്കി. കെ.എൻ.ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ മെറിറ്റിൽ പരിഗണിക്കാം എന്നാണ് കോടതിയുടെ നിലപാട്. ആനന്ദകുമാറിന് ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയ കാര്യം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ ജയിലിൽ അദ്ദേഹത്തെ നോക്കാൻ ഉദ്യോഗസ്ഥരില്ലേ എന്ന് കോടതി ചോദിച്ചു. തുടർന്ന് ജയിൽ എഡിജിപിയെ ഹർജിയിൽ കക്ഷി ചേര്‍ത്ത കോടതി, ജയിലിലെ ചികിത്സാ സംവിധാനങ്ങൾ സംബന്ധിച്ച് റിപ്പോര്‍ട്ട് സമർപ്പിക്കാൻ നിർദേശിച്ചു. ഒന്നാം പ്രതി അനന്തുകൃഷ്ണനാണ് തട്ടിപ്പിന്റെ മുഴുവൻ ഉത്തരവാദിത്തവുമെന്നാണ് ജാമ്യഹർജിയിലെ വാദം. എന്നാൽ ആനന്ദകുമാർ ചെയർമാനായ കോൺഫെഡറേഷനാണ് ഈ പണം മുഴുവൻ സ്വീകരിച്ചിരിക്കുന്നത് എന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിൽ ആനന്ദകുമാറിന്റെ പങ്കാളിത്തം സംബന്ധിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.