heating-bullets-in-pan

AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം

കൊച്ചി എ.ആര്‍.ക്യാംപില്‍ വെടിയുണ്ട അടുപ്പില്‍വച്ച് ചൂടാക്കിയ സംഭവത്തില്‍ ഉദ്യോഗസ്ഥന് വീഴ്ചപറ്റിയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. വെടിയുണ്ടകള്‍ ചൂടാക്കിയത് ഉദ്യോഗസ്ഥന് പറ്റിയ അബദ്ധമെന്നും വകുപ്പുതല അന്വേഷണം ആരംഭിച്ചെന്നും കമ്മിഷണര്‍ അറിയിച്ചു. എആർ ക്യാംപ് കമൻഡാന്റാണ് അന്വേഷണം നടത്തി സിറ്റി പൊലീസ് കമ്മിഷണർക്കു റിപ്പോർട്ട് സമർപ്പിച്ചത്. അബദ്ധം പറ്റിയതാണെങ്കിലും ഗുരുതരമായ വീഴ്ചയാണെന്നും റിപ്പോർട്ടിലുള്ളതായാണു സൂചന.

എറണാകുളം എആർ ക്യാംപിലെ മെസിൽ ചട്ടിയിലിട്ടു ചൂടാക്കുന്നതിനിടെയാണ് വെടിയുണ്ടകൾ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥൻ വിശദീകരണം നൽകിയിട്ടുണ്ട്. ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാരച്ചടങ്ങുകളിലും മറ്റും ആകാശത്തേക്കു വെടിവയ്ക്കാൻ റൈഫിളുകളിൽ ഉപയോഗിക്കുന്ന 0.303 കാലിബർ ബ്ലാങ്ക് അമ്യൂണിഷൻ 18 എണ്ണമാണ് ചൂടാക്കാനെടുത്തതെന്ന് വിശദീകരണത്തില്‍ പറയുന്നു. 

മരണപ്പെട്ട സേനാംഗത്തിന്‍റെ സംസ്കാരച്ചടങ്ങിന് ആദരമർപ്പിക്കാനായി 10ന് രാവിലെ 8.15നാണ് തോക്കുകളും വെടിയുണ്ടയും പുറത്തെടുത്തത്. വെടി വയ്ക്കുമ്പോൾ ബ്ലാങ്ക് അമ്യൂണിഷൻ കൃത്യമായി പൊട്ടും എന്നുറപ്പാക്കാനാണു പാത്രത്തിലിട്ടു വെയിലത്തു വച്ചു ചൂടാക്കാൻ നോക്കിയത്. ഈർപ്പം കളയാനായി പാത്രം അടുപ്പില്‍ വച്ചു ചൂടാക്കി ഈ പാത്രത്തിലേക്കു വെടിയുണ്ടകൾ ഇട്ടപ്പോൾ ഇവയിൽ രണ്ടെണ്ണം പൊട്ടിത്തെറിച്ചു എന്നാണു വിശദീകരണം

3 മാസം മുൻപ് ഒരു സംസ്കാരച്ചടങ്ങിൽ വെടി പൊട്ടാതിരുന്നതിനെ തുടർന്നു ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു. ഇത്തരത്തിൽ നടപടി നേരിടേണ്ടി വന്നേക്കാമെന്ന ആശങ്ക മൂലമാണു സമയക്കുറവുള്ളതിനാൽ വെടിയുണ്ട പെട്ടെന്നു ചൂടാക്കാനായി പാത്രത്തിലിട്ട് അടുപ്പിൽ വച്ചതെന്നാണ് വിവരം.

ENGLISH SUMMARY:

A preliminary report has indicated that an officer at the Kochi AR Camp made a mistake while heating ammunition, leading to an explosion. The officer’s mistake is said to have caused the incident, and a departmental investigation has been initiated, according to the commissioner. The AR Camp Commandant conducted the inquiry and submitted a report to the City Police Commissioner. The report suggests that while it was a mistake, it was still a serious lapse.