ടുകെ കിഡ്സ് എന്നും തന്തവൈബെന്നും പറഞ്ഞ് തലമുറകളെ മാറ്റിനിര്‍ത്തേണ്ടതില്ലെന്ന് നടന്‍ രമേഷ് പിഷാരടി. 2കെ കിഡ്സ് ചെയ്യുന്നത്ര നല്ല കാര്യങ്ങള്‍ പണ്ടുള്ളവര്‍ ചെയ്തിട്ടില്ല. അടച്ച് ആക്ഷേപിച്ച് പുതിയ തലമുറയിലെ എല്ലാവരും മോശമാണെന്ന് പറയരുത്. സമൂഹം ഒരുപാട് മോശമായി എന്ന് തോന്നുന്നതിന് കാരണം സോഷ്യല്‍ ട്രാന്‍സ്പരന്‍സി കൂടിയതാണെന്നും രമേഷ് പിഷാരടി പറഞ്ഞു. മനോരമ ന്യൂസ് സാമൂഹിക പ്രതിബദ്ധതാ ദൗത്യം കേരള കാൻ ഒൻപതാം പതിപ്പിന്‍റെ ഭാഗമായി ആലപ്പുഴയില്‍ നടന്ന സൗജന്യ കാൻസർ നിർണയ ക്യാംപില്‍ സംസാരിക്കുകയായിരുന്നു രമേഷ് പിഷാരടി.
പണ്ട് പ്രധാനമന്ത്രി മരിച്ചാല്‍ പിറ്റേന്ന് ഉച്ചകഴിയുമായിരുന്നു നമ്മള്‍ അറിയാന്‍. അന്നൊക്കെ ഒരാള്‍ക്ക് അറിയാവുന്ന വിവരങ്ങള്‍ വളരെ കുറച്ചാണ്. അഞ്ച് പേജ് പത്രത്തിലോ , 10 മിനിറ്റ് വാര്‍ത്തയിലോ വരുന്ന കാര്യങ്ങള്‍ മാത്രമാണ് നമ്മള്‍ അന്ന് അറിഞ്ഞിരുന്നത്. തിരുവനന്തപുരത്തോ കണ്ണൂരോ നടക്കുന്ന ഒരു കാര്യം എറണാകുളത്തുള്ളയാള്‍ അറിയാതിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ നമ്മള്‍ എല്ലാം അറിയുന്നു എന്നതുകൊണ്ടാണ് സമൂഹം മോശമായി എന്നു തോന്നുന്നത്.
അന്‍പത് ചീത്തക്കാര്യങ്ങള്‍ അറിയുമ്പോള്‍ 150 നല്ലകാര്യങ്ങള്‍ നമ്മള്‍ അറിയാതെ പോകുന്നുണ്ട്. സമൂഹം നശിച്ച് ഇല്ലാതായി എന്ന് തോന്നുന്നത് പണ്ട് കിട്ടിയിരുന്നതിനേക്കാള്‍ കൂടുതല്‍ വാര്‍ത്തകള്‍ അറിയുന്നതുകൊണ്ടാണ്. പണ്ടും പലതരം ദോഷങ്ങളും അക്രമങ്ങളുമൊക്കെ നടന്നിട്ടുണ്ട്. മനുഷ്യന്‍ ഒരുകാലത്തും സമാധാനത്തോടെ ജീവിച്ചിട്ടില്ല.
കഴിഞ്ഞ നൂറ്റാണ്ടില്‍ ഈ സമയത്ത് ലോക മഹായുദ്ധങ്ങള്‍ നടക്കുകയാണ്. രാജ്യങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ബോംബ് ഇടുന്ന സമയമാണ്. അപ്പോഴാണ് നമ്മള്‍ ഇതൊക്കെ പ്രൊജക്ട് ചെയ്ത് സംസാരിക്കുന്നത്. പണ്ട് നല്ലതായിരുന്നു ഇപ്പോള്‍ വളരെ മോശമായി എന്നതും ഒരു തെറ്റായ വ്യാഖ്യാനമാണ്. പുതിയ കുട്ടികളെ തീര്‍ത്തും കുറ്റം പറയേണ്ടതില്ല. അവര്‍ക്ക് ഉള്ള ബോധ്യങ്ങള്‍ പലതും പഴയ ആളുകള്‍ക്ക് ഇല്ലാതായിട്ടുമുണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു.
കേരളകാൻ ദൗത്യത്തിന്‍റെ ഭാഗമായ രണ്ടാമത്തെ ക്യാംപാണ് ആലപ്പുഴയിൽ നടന്നത്. ഇഎംഎസ് ബിലിവേഴ്സ് ആശുപത്രിയിൽ നടന്ന സൗജന്യ കാൻസർ നിർണയ ക്യാംപിൽ പങ്കെടുക്കാൻ ഇരുനൂറോളം പേരാണ് എത്തിയത്. സ്മൈലി ദീപം തെളിച്ച് കവി വയലാർ ശരത് ചന്ദ്രവർമ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് വിശിഷ്ടാതിഥികൾ ദീപം തെളിച്ചു. സദസ്യർ മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റുകൾ തെളിച്ചു കേരള കാൻ ദൗത്യത്തിൽ പങ്കുചേർന്നു.
ആലപ്പുഴ നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, റോട്ടറി ഭാരവാഹികൾ, പൊതു പ്രവർത്തകർ, സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. പുന്നപ്ര നൂപൂരം നൃത്തവിദ്യാലയത്തിലെ നർത്തകർ കേരള കാൻ ഗാനത്തിനൊപ്പം ചുവടുവച്ചു.