ലോക്ഡൗണ്‍ കാലത്ത് പഠനത്തിനും വിനോദത്തിനുമായി തുടങ്ങിയ മൊബൈല്‍ ഫോണ്‍ ഉപയോഗം, ലോക്ഡൗണിന് അഞ്ചാണ്ട് പിന്നിടുമ്പോളും കുട്ടികളെ കുറ്റകൃത്യങ്ങളുടെയും മാനസിക സമ്മര്‍ദത്തിന്‍റെയും ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായി 21 കുട്ടികള്‍ ജീവനൊടുക്കിയപ്പോള്‍ പൊലീസിന്‍റെ ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്‍ററില്‍ അഭയം തേടിയത് ആയിരത്തി എഴുന്നൂറ് കുട്ടികളാണ്. മൊബൈലിന്‍റെ മറവില്‍ കുട്ടികള്‍ ചൂഷണത്തിനിരയാകുന്നത് വര്‍ധിക്കുന്നതായി ഡി.ഐ.ജി അജിതാബീഗം മനോരമ ന്യൂസിനോട് പറഞ്ഞു.
മൊബൈല്‍ ഫോണായിരുന്നു കോവിഡ് കാലത്തെ സ്കൂള്‍. ടീച്ചര്‍മാരേയും കൂട്ടുകാരേയും കണ്ടതും ഹോംവര്‍ക് ചെയ്തതുമെല്ലാം മൊബൈലില്‍. പഠനം മുടങ്ങാതിരിക്കാന്‍ മാതാപിതാക്കള്‍ തന്നെ കുഞ്ഞുങ്ങളുടെ കയ്യില്‍ മൊബൈല്‍ കൊടുത്തു. കോവിഡും ലോക്ഡൗണും മാറി. സ്കൂള്‍ കാലം തിരിച്ചുവന്നു. പക്ഷെ കുട്ടികളുടെ കയ്യില്‍ നിന്ന് മൊബൈല്‍ മാറിയില്ല. മൊബൈല്‍ ഉപയോഗം ഒരു രോഗം പോലെ കുഞ്ഞുങ്ങളെ കീഴടക്കി. ആത്മഹത്യയിലേക്ക് പോലും തള്ളിയിട്ടു.
കഴക്കൂട്ടത്തെ അനുജിത് മാത്രമല്ല, 4 വര്‍ഷത്തിനിടെ 21 കുഞ്ഞുങ്ങളാണ് ഓണ്‍ലൈന്‍ ഗയിമുകളില്‍ കുടുങ്ങി ജീവനൊടുക്കിയത്. അതിനുമപ്പുറം വലിയ ചതിക്കുഴികള്‍ ഒളിച്ചിരിക്കുന്നുവെന്നാണ് പൊലീസിന്‍റെ മുന്നറിയിപ്പ്. കുട്ടികളുടെ ഡിജിറ്റല്‍ ഡി അഡിക്ഷന്‍ മാറ്റാനുള്ള പൊലീസ് സംവിധാനമാണ് ഡി.ഡാഡ്. ഇതിനകം 1709 കുട്ടികളാണ് അഡിക്ഷന്‍ ബാധിച്ചെത്തിയത്. 175 കുട്ടികള്‍ക്ക് ഗുരുതര പ്രശ്നമായതിനാല്‍ ആശുപത്രികളിലേക്ക് മാറ്റേണ്ടിവന്നു. 735 കുട്ടികളെ പൂര്‍ണമായും രക്ഷിച്ചെടുത്തു. കുട്ടികളുടെ അമിതോപയോഗം മാതാപിതാക്കള്‍ തിരിച്ചറിയുകയാണ് ആദ്യ കടമ്പ.മൊബൈല്‍ ഇപ്പോഴും വില്ലനായി തുടരുന്നതോടെ എല്ലാ ജില്ലയിലും ഡി ഡാഡ് തുടങ്ങാനാണ് പൊലീസ് തീരുമാനം.