രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ചു. ഈഞ്ചയ്ക്കൽ പരക്കുടിയിൽ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട.അധ്യാപകൻ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകൾ മേഘയാണ് മരിച്ചത്.24 വയസായിരുന്നു.
ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. പേട്ട റെയിൽവേ മേൽപാലത്തിനു സമീപത്തെ ട്രാക്കിലാണു മൃതദേഹം കണ്ടത്. നൈറ്റ്ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മേഘ യൂണിഫോമിൽ നേരെ ഇവിടെയെത്തിയെന്നാണു നിഗമനം. യുവതി ട്രെയിനിന് മുന്നിലേക്കു ചാടുന്നത് ലോക്കോ പൈലറ്റ് കണ്ടതായി പേട്ടയിലെ സ്റ്റേഷൻ മാസ്റ്റർ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീടു വന്ന പുണെ–കന്യാകുമാരി എക്സ്പ്രസ് ട്രെയിൻ അരമണിക്കൂറോളം പിടിച്ചിട്ട ശേഷം മൃതദേഹം മാറ്റി.
ഒരു വർഷം മുൻപാണ് എമിഗ്രേഷൻ വിഭാഗത്തിലെ സെക്യൂരിറ്റി അസിസ്റ്റന്റായി മേഘ ജോലിയിൽ പ്രവേശിച്ചത്. പേട്ട പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. മൃതദേഹം ചായലോട്ടെ സ്വകാര്യ മെഡിക്കൽ കോളജ് മോർച്ചറിയിലാണ്. മൃതദേഹം ഇന്നു രാവിലെ വീട്ടിലെത്തിക്കും. പതിനൊന്നരയോടെയാകും സംസ്കാരം.