ib-officer-megha
  • ഡ്യൂട്ടി കഴിഞ്ഞ് വൈകിട്ട് ഏഴ് മണിക്ക് മേഘ ഫോണില്‍ വിളിച്ചെന്ന് പിതാവ്
  • 'റൂമിലേക്ക് പോകുന്നതായി പറഞ്ഞു, പോകുന്ന വഴിയില്‍ റെയില്‍വേ ട്രാക്കില്ല'
  • 'ആരെങ്കിലും വിളിച്ചിട്ടാണോ മേഘ റൂട്ട് മാറ്റിയതെന്നാണ് സംശയം'

തിരുവനന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്   കുടുംബം. ഒരു ഫോൺ വിളിക്ക് പിന്നാലെയാണ് ആത്മഹത്യ എന്നും ഇത് അന്വേഷിക്കണം എന്നും പിതാവ് ആവശ്യപ്പെട്ടു. ഇന്നലെയാണ് മേഘയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.   മൃതദേഹം പത്തനംതിട്ട കലഞ്ഞൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. 

ഇന്നലെ രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോഴാണ് മേഘ ട്രെയിനിനു മുന്നിൽ ചാടിയത്.   ഫോണിൽ സംസാരിച്ച് കൊണ്ട്  ട്രാക്കിലേക്ക്ചാടുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റിന്റെ മൊഴി. വിമാനത്താവളത്തിൽ നിന്ന് താമസസ്ഥലത്തേക്കുള്ള വഴിയിൽ റെയിൽവേ ട്രാക്ക് ഇല്ല എന്ന് പിതാവ് പറഞ്ഞു. താമസസ്ഥലത്തേക്ക് എന്നുപറഞ്ഞ മേഘ  വഴി മാറ്റിയത്  ഒരു ഫോൺ വിളിക്ക് പിന്നാലെയാണ്. ഇതിലാണ് ദുരൂഹത സംശയിക്കുന്നത്.

അടുത്ത ദിവസം തന്നെ പേട്ട പൊലീസിനും ഐബിക്കും പരാതി നൽകും. 23 ആം വയസ്സിലാണ് മേഘ ഐ ബി യിൽ ജോലിക്ക് പ്രവേശിച്ചത്. ഏറ്റവും പ്രായം കുറഞ്ഞ മേഘയോട് കരുതലോടെയാണ്  സഹപ്രവർത്തകർ ഇടപെട്ടിരുന്നത് എന്നും പിതാവ് പറഞ്ഞു.  അന്വേഷണ പുരോഗതിക്ക് അനുസരിച്ച് തുടർനടപടികൾ എടുക്കും. മേഘയുടെ വിവാഹത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും പിതാവ് പറഞ്ഞു. മേലയുടെ അച്ഛൻ റിട്ടയേർഡ് അധ്യാപകനും അമ്മ പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥയുമാണ്