തൃശ്ശൂർ പൂരം കലക്കലിലെ അന്വേഷണത്തിൽ മന്ത്രി കെ. രാജന്റെ മൊഴിയെടുക്കും. എഡിജിപി എം.ആർ. അജിത്കുമാറിന്റെ വീഴ്ചയെകുറിച്ച് ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ് . ഉദ്യോഗസ്ഥർ സമയം തേടിയെങ്കിലും നിയമസഭാ സമ്മേളനം കഴിഞ്ഞ് മൊഴി നൽകാമെന്ന് മന്ത്രി അറിയിച്ചു. പൂരം കലക്കലിൽ മുഖ്യമന്ത്രി ത്രിതല അന്വേഷണം പ്രഖ്യാപിച്ചിട്ട് അഞ്ച് മാസമായെങ്കിലും പ്രധാന അന്വേഷണങ്ങൾ ഒന്നും പൂർത്തിയായിട്ടില്ല
പൂരത്തിൽ പ്രശ്നമുണ്ടായ സമയം എഡിജിപിയെ ഫോണിൽ വിളിച്ചിട്ട് കിട്ടിയിരുന്നില്ല എന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതിന്‍റെ വിശദാംശം അറിയുന്നതിന് വേണ്ടിയാണ് മൊഴിയെടുപ്പ് . മന്ത്രിയുടെ മൊഴിയെടുത്ത ശേഷം എഡിജിപിയുടെ മൊഴിയും രേഖപ്പെടുത്തും. ഡിജിപിയുടെ അന്വേഷണത്തിന് പുറമേ പൂരം കലക്കിലെ ഗൂഢാലോചനയെ കുറിച്ചുള്ള ക്രൈം ബ്രാഞ്ച് അന്വേഷണവും ഇഴയുകയാണ്. മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥ വീഴ്ച അന്വേഷിച്ച എഡിജിപി മനോജ് എബ്രഹാമിന്റെ അന്വേഷണം മാത്രമാണ് ഇതുവരെ പൂർത്തിയായത്.