ഏറ്റുമാനൂരില്‍ ഷൈനിയും മക്കളും ട്രെയിനിന് മുന്നില്‍ചാടി മരിച്ച കേസില്‍, ഷൈനിയുടെ ഭര്‍ത്താവ് നോബി ആത്മഹത്യാപ്രേരണ നടത്തിയെന്ന് പൊലീസ്. ഷൈനിയും മക്കളും നോബിയുടെ തുടര്‍ച്ചയായ പീഡനത്തിന് ഇരയായെന്ന് റിപ്പോര്‍ട്ട്. ഷൈനി മരിക്കുന്നതിന് തലേന്ന് നോബി വാട്സാപ്പ് കോളില്‍ വിളിച്ച് നിനക്കും മക്കള്‍ക്കും ചത്തുകൂടേയെന്ന് ഭീഷണിപ്പെടുത്തിയെന്നും ജില്ലാ സെഷന്‍സ് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി.
ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയായ ഷൈനിയും പതിനൊന്നും പത്തും വയസ്സുള്ള മക്കളായ അലീനയും ഇവാനയും നിലമ്പൂർ എക്സ്പ്രസ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യക്ക് പിന്നാലെ അസ്വാഭാവിക മരണത്തിന് മാത്രം കേസെടുത്തിരുന്ന ഏറ്റുമാനൂർ പൊലീസ് പ്രതിക്കെതിരെ ഉയർന്ന കടുത്ത ജനരോഷത്തിനും മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനും പിന്നാലെയാണ് ആത്മഹത്യപ്രേരണക്കുറ്റം ചുമത്തുന്നത്.
നോബിക്കെതിരായി തൊടുപുഴ സ്റ്റേഷനിൽ ഷൈനി നൽകിയ ഗാർഹിക പീഡന പരാതിയും നിലവിലുണ്ട്. കടുത്ത ശാരീരിക പീഡനത്തെ തുടർന്നാണ് ഷൈനിയും മക്കളും 9 മാസം മുൻപ് ഏറ്റുമാനൂരിലെ വീട്ടിലേക്ക് എത്തിയതെന്നാണ് മാതാപിതാക്കളുടെ മൊഴി. ഷൈനിയുടെയും നോബിയുടെയും വിവാഹമോചനക്കേസ് ഏറ്റുമാനൂർ കോടതിയിൽ നിലനിൽക്കെയാണ് ഷൈനിയുടെ ആത്മഹത്യ. ഭർതൃവീട്ടിൽ നിന്നേറ്റ പീഡനവും സാമ്പത്തിക ബാധ്യതകളും തൊഴിൽ കണ്ടെത്താൻ കഴിയാത്തതിന്റെ മാനസിക വിഷമവുമാണ് ആത്മഹത്യക്ക് കാരണമായി പറയുന്നത്.