megha-death

തിരുവനന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. തങ്ങളോട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നുവെന്നു പറഞ്ഞ മേഘ പെട്ടെന്ന് റൂട്ട് മാറ്റാന്‍ കാരണമെന്തെന്നറിയണമെന്ന് കുടുംബവും ആവര്‍ത്തിക്കുന്നു. മരണത്തിലും ദുരൂഹതയുണ്ടെന്ന് കുടുംബം പറയുന്നു. പത്തനംതിട്ട കലഞ്ഞൂരിലെ വീട്ടുവളപ്പിലാണ് മേഘയെ സംസ്കരിച്ചത്.

തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്കു വരികയായിരുന്ന ട്രെയിനിടിച്ചാണ് മേഘ മരിച്ചത്. ലോക്കോപൈലറ്റ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. ട്രെയിന്‍ വരുമ്പോള്‍ ട്രാക്കിന്റെ സമീപത്തുകൂടി ഫോണില്‍ സംസാരിച്ചു നടക്കുകയായിരുന്ന മേഘ പെട്ടെന്നാണ് അതിവേഗത്തില്‍ ട്രാക്കിലേക്ക് ഓടിക്കയറിയത്. ഫോണ്‍വിളി നിര്‍ത്താതെ തന്നെ ട്രാക്കില്‍ തലവച്ചുകിടന്നു, ട്രെയിന്‍ ശരീരത്തിലൂടെ കയറിയിറങ്ങി. മൊബൈല്‍ഫോണ്‍ തകര്‍ന്നു തരിപ്പണമായി.

megha-track

ഒരു വര്‍ഷം മുന്‍പാണ് മേഘ കേന്ദ്ര ഇന്റലിജന്‍സ്ബ്യൂറോയില്‍ ജോലിക്കു കയറിയത്. മരണപ്പെടുന്നതിനു തലേദിവസം ഞായറാഴ്ച നൈറ്റ് ഡ്യൂട്ടിയായിരുന്നു. വിമാനത്താവളത്തിനു ഒന്നര കിലോമീറ്റര്‍ അപ്പുറത്താണ് വാടകവീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മേഘ താമസിച്ചിരുന്നത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മേഘ സാധാരണ പോകുന്ന വഴിമാറ്റി ഇടവഴിയിലൂടെ അടക്കം സഞ്ചരിച്ചാണ് റെയില്‍വേ ട്രാക്കിലെത്തിയത്. ഐഡി കാര്‍ഡ് കണ്ടാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ഫോണ്‍ തകര്‍ന്ന അവസ്ഥയിലായതിനാല്‍ ഏറ്റവും ഒടുവില്‍ വിളിച്ചയാളെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ജീവനൊടുക്കാന്‍ മാത്രം പോന്ന പ്രശ്നമെന്തായിരുന്നുവെന്ന് കണ്ടെത്തണമെങ്കില്‍ മേഘ അവസാനമായി സംസാരിച്ചതാരെയെന്ന് കണ്ടെത്തണം, ഫോണ്‍വിളി വിവരങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. ഈ ഫോണ്‍വിളിയും മരണവുമായി ബന്ധമുണ്ടോയെന്നും വ്യക്തമാകണം.  സ്വന്തം ബാച്ചിലുണ്ടായിരുന്ന ഐബി ഉദ്യോഗസ്ഥനുമായുണ്ടായിരുന്ന പ്രണയബന്ധം തകര്‍ന്നതിന്റെ മനോവിഷമത്തിലാണ് മരണമെന്ന് അഭ്യൂഹമുണ്ട്.

megha-ib

23ആം വയസ്സിലാണ് മേഘ ഐബിയിൽ ജോലിക്ക് പ്രവേശിച്ചത്. ഏറ്റവും പ്രായം കുറഞ്ഞ മേഘയോട് കരുതലോടെയാണ് സഹപ്രവർത്തകർ ഇടപെട്ടിരുന്നത് എന്ന് പിതാവ് പറഞ്ഞു. മേഘയുടെ വിവാഹത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും പിതാവ് പറഞ്ഞു. മേഘയുടെ അച്ഛൻ റിട്ടയേർഡ് അധ്യാപകനും അമ്മ പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥയുമാണ്.

ENGLISH SUMMARY:

The death of Megha, an IB officer in the Immigration Department at Thiruvananthapuram Airport, has caused a great shock to her family, colleagues, and friends. Megha, who had told her family she was returning home after finishing her shift, had suddenly changed her route, and her family is demanding to know the reason behind this. The family states that there is a mystery surrounding her death. Megha was laid to rest at her family home in Kalanjur, Pathanamthitta.