കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ച കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുഴുവൻ പ്രതികളും കുറ്റക്കാരല്ലെന്ന് കണ്ടെത്തിയത്. തെളിവുകളുടെ അഭാവത്തിലാണ് കോടതി നടപടി സ്വീകരിച്ചത്. വിചാരണയ്ക്കിടെ പരാതിക്കാരായ സുരക്ഷാ ജീവനക്കാർ മൊഴി മാറ്റിയത് പ്രോസിക്യൂഷന് തിരിച്ചടിയായി.
ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായിരുന്ന കെ. അരുൺ, മേഖലാ സെക്രട്ടറി എം.കെ. അഷിൻ, മേഖലാ പ്രസിഡന്റ് മുഹമ്മദ് ഷബീർ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കെ. രാജേഷ്, സജിൻ, നിഖിൽ സോമൻ, ജിതിൻലാൽ എന്നിവരെയാണ് തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടത്.
2022 ഓഗസ്റ്റ് 31-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സന്ദർശക പാസില്ലാതെ എത്തിയ അരുണിനെ സുരക്ഷാ ജീവനക്കാർ തടഞ്ഞതാണ് ആക്രമണത്തിന് കാരണം. സുരക്ഷാ ജീവനക്കാരായ കെ.എസ്. ശ്രീലേഷ്, എൻ. ദിനേശൻ, രവീന്ദ്ര പണിക്കർ എന്നിവർക്കായിരുന്നു മർദ്ദനമേറ്റത്.