deepak-murder-2

തൃശൂർ നാട്ടികയിലെ ജനതാദൾ (യു) നേതാവായിരുന്ന പി.ജി.ദീപകിന്റെ കൊലപാതകത്തിൽ 5 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് ഹൈക്കോടതി. കേസിലെ ഒന്നു മുതൽ അഞ്ചു വരെയുള്ള പ്രതികളെ വെറുതെ വിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു.

2015 മാർച്ച് 24ന് ജനതാദൾ (യു) നേതാവായിരുന്ന തൃശൂർ പഴുവിൽ ദീപക്കിനെ കുത്തിക്കൊന്ന കേസിലാണ് ആര്‍എസ്എസ് പ്രവർത്തകരായ 5 പ്രതികൾ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായ 10 പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാരും ദീപക്കിന്റെ കുടുംബവും സമർപ്പിച്ച അപ്പീലുകളിലാണ് ഹൈക്കോടതി നടപടി. 

ഋഷികേഷ്, നിജിൻ, പ്രശാന്ത്, രശാന്ത്, ബ്രഷ്ണേവ് എന്നിവർക്കെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്ന് ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാനും, ഏപ്രിൽ എട്ടിന് കോടതിയിൽ ഹാജരാക്കാനും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

റേഷൻ വ്യാപാരിയായിരുന്ന ദീപക്, പഴുവില്‍ സെന്ററിലുള്ള കട അടയ്ക്കാനൊരുങ്ങുന്ന സമയത്ത് വാനിലെത്തിയ സംഘം കുത്തുകയായിരുന്നു. ദീപകിൻ്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രാദേശിക നേതാക്കളായ പത്ത് പേരായിരുന്നു പ്രതികൾ. എന്നാൽ മുഖംമൂടി ധരിച്ച് നടന്ന ആക്രമണത്തിലെ യഥാർഥ പ്രതികൾ ഇവരാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു. ബിജെപി പ്രവർത്തകനായിരുന്ന ദീപക് പാർട്ടി മാറിയതിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.

ENGLISH SUMMARY:

The High Court has found 5 RSS workers guilty in the murder of P.G. Deepak, a leader of the Janata Dal (U) in Thrissur district. The High Court has quashed the acquittal of accused one to five in the case. The High Court has ordered the immediate arrest of the accused.