സിഎംആർഎൽ - എക്സാലോജിക് ദുരൂഹ ഇടപാടിൽ വിജിലൻസ് അന്വേഷണമില്ല. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി. മാത്യൂ കുഴല്നാടന് നല്കിയ തെളിവുകള്‍ കേസെടുക്കാന്‍ മതിയായതല്ലെന്ന് വ്യക്തമാക്കിയാണ് നടപടി. എന്നാൽ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന തിരുവനന്തപുരം വിജിലൻസ് കോടതിയുടെ പരാമർശം ഹൈക്കോടതി റദ്ദാക്കി.
സിഎംആർഎൽ - എക്സാലോജിക് ദുരൂഹ ഇടപാടിൽ അന്വേഷണം വേണമെന്ന ഹർജിയിൽ തിരുവനന്തപുരം വിജിലന്‍സ് കോടതി നടത്തിയത് വിചാരണയെന്ന മാത്യു കുഴൽനാടന്റെ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. വസ്തുതകള്‍ വിചാരണക്കോടതി പരിഗണിച്ചില്ലെന്ന വാദം ശരിയല്ല. കുഴല്നാടന് നല്കിയ തെളിവുകള്‍ കേസെടുക്കാന്‍ മതിയായതല്ല. സംശയം തോന്നിക്കുന്ന രേഖകള്‍ മാത്രമാണ് നല്‍കിയത്.
സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ഡയറി തെളിവായി സ്വീകരിക്കാനാവില്ല. സംശയത്തിന്റെ പുറത്ത് പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം നടത്താനാവില്ല. ഇത് പൊതുപ്രവര്‍ത്തകരുടെ അന്തസിനെയും മാന്യതയെയും കളങ്കപ്പെടുത്തുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സിഎംആർഎല്ലിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആവശ്യം. ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെ തുടർന്ന് മാത്യു സമർപ്പിച്ച പുനഃപരിശോധന ഹർജിയാണ് ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ച് തള്ളിയത്. അതേസമയം ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന തിരുവനന്തപുരം വിജിലൻസ് കോടതിയുടെ പരാമർശം അനാവശ്യം എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കി.
സിഎംആർഎല്ലിൽ നിന്നും രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർ പണം കൈപ്പറ്റിയതിൽ വിജിലൻസ് അന്വേഷണം വേണമെന്ന പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിന്റെ ഹർജിയും ഹൈക്കോടതി ഇതോടൊപ്പം തള്ളി. മൂവാറ്റുപുഴ വിജിലൻസ് കോടതി ആവശ്യം തള്ളിയതോടെയാണ് ഗിരീഷ് ബാബു ഹൈക്കോടതിയിൽ എത്തിയത്.
നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് മാത്യു കുഴല്നാടന് പ്രതികരിച്ചു. കൂടുതല്‍ തെളിവുകളുമായി വീണ്ടും സമീപിക്കാമെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്ന് കുഴല്നാടന് കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതി ഉത്തരവ് യുഡിഎഫിന് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
ആരോപണം നിലനിൽക്കുന്നതാണ്. നിലവിൽ എസ്.എഫ്.ഐ.ഒ അന്വേഷണം നടക്കുന്നത് അതിനുള്ള തെളിവാണ്. സേവനം ചെയ്തിട്ടില്ലെന്ന് മൊഴിയും ഉണ്ട്. പിന്നെ എങ്ങിനെയാണ് പണം അക്കൗണ്ടിൽ എത്തിയത്. നിയമനടപടികളുമായി മാത്യു മുന്നോട്ട് പോകുമെന്നും വി.ഡി സതീശൻ പറഞ്ഞു.
മാത്യു കുഴല്‍നാടന്റെ ഉണ്ടയില്ലാവെടി ഹൈക്കോടതി തള്ളിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് തിരിച്ചടിച്ചു. മഴവില്‍ സഖ്യത്തിന്റെ ഗൂഢാലോചനയ്ക്കേറ്റ തിരിച്ചടിയാണ് കോടതിവിധി. പ്രതിപക്ഷ ഗൂഢാലോചന കോടതിവിധിയോടെ പൊളിഞ്ഞുവെന്ന് മന്ത്രി എം.ബി.രാജേഷും പറഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വ്യാജ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും, എംഎല്‍എ മാത്യു കുഴൽനാടനും രാജിവയ്ക്കണമെന്ന് എ.കെ.ബാലന് ആവശ്യപ്പെട്ടു.
കേന്ദ്ര ഏജൻസികളെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിക്കെതിരെ വി.ഡി. സതീശൻ ഗൂഢാലോചന നടത്തി. മാത്യു നൂറ്റി ഒന്ന് തവണ ക്ഷമ പറയണം. ലാവ്ലിൻ കേസിന് സമാനമായി മാസപ്പടി വിവാദം ഉയർത്താനുള്ള പ്രതിപക്ഷ നീക്കം പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ ഇമേജ് എവറസ്റ്റ് കൊടുമുടിയോളം ഉയർന്നിരിക്കുകയാണ്. മാസപ്പടിക്കേസ് കോടതി കുപ്പത്തൊട്ടിയിലിടുമെന്ന് നേരത്തെ തന്നെ അറിയാവുന്ന കാര്യമാണെന്നും എ.കെ.ബാലൻ പാലക്കാട് പറഞ്ഞു.
മാത്യു കുഴല്‍നാടനെ ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കണമെന്ന് ഇ.പി.ജയരാജന് ആവശ്യപ്പെട്ടു. മാത്യു ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം ശരിയല്ല. തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് മാധ്യമശ്രദ്ധ നേടാനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ അദ്ദേഹം ഒരു ശല്യക്കാരനായ വ്യവഹാരിയായി മാറുകയാണ്.
കോപ്പിയടിച്ച് പരീക്ഷ ജയിക്കുന്നത് പോലെയല്ല കോടതിയില്‍ ജയിക്കുന്നത്. കോടതിയില്‍ ജയിക്കാന്‍ തെളിവുകള്‍ ആവശ്യമാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ മാത്രം കോടതിയില്‍ ജയിക്കാന്‍ സാധിക്കില്ല. മാത്യു കുഴല്നാടന് ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കാനുള്ള തെളിവുകള്‍ അദ്ദേഹം ഹാജരാക്കണം.
അതേസമയം, വിജിലന്‍സ് അന്വേഷണ ഹര്‍ജി പ്രഹസനമെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. എസ്എഫ്ഐഒക്ക് മാത്രമേ ഈ കേസ് അന്വേഷിക്കാന്‍ കഴിയൂ. വിജിലന്‍സ് അന്വേഷണ ആവശ്യം പിണറായിയെ വെള്ളപൂശാനെന്നും പിണറായിയെ സല്യൂട്ട് ചെയ്യുന്ന ഉദ്യോഗസ്ഥന് പിണറായിയെ ചോദ്യംചെയ്യുമോയെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. ഹൈക്കോടതി വിധി യുഡിഎഫിന് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ പൊളിഞ്ഞുവെന്ന് മന്ത്രി എം.ബി.രാജേഷ് തിരിച്ചടിച്ചു.