സി.എം.ആര്‍.എല്‍-എക്സാലോജിക് ഇടപാടില്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എയ്ക്ക് വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അറിയിച്ചു. സംസ്ഥാന പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗത്തില്‍ നിന്നാണ് എം.എല്‍.എ വിവരങ്ങള്‍ തേടിയത്. മാത്യു കുഴല്‍നാടന്‍ സമര്‍പ്പിച്ച അപ്പീല്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍ തള്ളി.
സി.എം.ആര്‍.എല്‍-എക്സാലോജിക് ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടന്റെ ഹർജികൾ ഹൈക്കോടതി തള്ളി. മാത്യൂ കുഴല്‍നാടന്‍ നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ മതിയായതല്ലെന്ന് വ്യക്തമാക്കിയാണ് നടപടി. എന്നാൽ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന തിരുവനന്തപുരം വിജിലൻസ് കോടതിയുടെ പരാമർശം ഹൈക്കോടതി റദ്ദാക്കി.
വസ്തുതകള്‍ വിചാരണക്കോടതി പരിഗണിച്ചില്ലെന്ന വാദം ശരിയല്ല. കുഴല്‍നാടന്‍ നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ മതിയായതല്ല. സംശയം തോന്നിക്കുന്ന രേഖകള്‍ മാത്രമാണ് നല്‍കിയത്. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ഡയറി തെളിവായി സ്വീകരിക്കാനാവില്ല. സംശയത്തിന്റെ പുറത്ത് പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം നടത്താനാവില്ല. ഇത് പൊതുപ്രവര്‍ത്തകരുടെ അന്തസിനെയും മാന്യതയെയും കളങ്കപ്പെടുത്തുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.