കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം നൽകുമെന്ന ഗതാഗതമന്ത്രിയുടെ പ്രഖ്യാപനം ഈ മാസം നടപ്പാവില്ല. പേടിക്കണ്ട. ഏപ്രിൽ ഒന്ന് ബാങ്ക് അവധിയാണ്. രണ്ടാം തീയതി തന്നെ ശമ്പളം നൽകുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
മന്ത്രി ഗണേഷ് കുമാറിന്റെ ഈ പ്രഖ്യാപനം ഇത്തവണ നടപ്പാവില്ല. വിഡ്ഡികളുടെ ദിനമമായ ഏപ്രിൽ ഒന്ന് പറ്റിക്കപ്പെടാനുള്ള ദിവസമായതുകൊണ്ടല്ല. ബാങ്ക് അവധിയായതിനാലാണ്. പക്ഷേ, തൊട്ടടുത്ത ദിവസം തന്നെ ജീവനക്കാരുടെ അക്കൗണ്ടുകളിൽ ശമ്പളമെത്തുമെന്ന് മാനേജ്മെന്റ് ഉറപ്പുപറയുന്നുണ്ട്. എസ്.ബി.ഐയിൽ നിന്ന് 100 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്താണ് മാസാദ്യം ഒരുമിച്ച് ശമ്പളമെന്ന ജീവനക്കാരുടെ ആവശ്യം നിറവേറ്റുന്നത്. 80 കോടി രൂപയാണ് ശമ്പളവിതരണത്തിന് വേണ്ടത്. ഇതിൽ 50 കോടി രൂപ ഓരോ മാസവും രണ്ടുഗഡുക്കളായി സർക്കാർ നൽകുന്ന ധനസഹായത്തിൽ നിന്ന് തിരിച്ചടയ്ക്കും. ബാക്കി തുക കളക്ഷനിൽ നിന്നാണ് അടയ്ക്കുക.
10.8 ശതമാനമാണ് ഓവർഡ്രാഫ്റ്റിനുള്ള പലിശ. ഇതാണ് ഒന്നാം തീയതി ശമ്പളവിതരണത്തിന് തയാറാക്കിയിട്ടുള്ള പദ്ധതി. ഇതേ രീതിയിൽ ഓവർഡ്രാഫ്റ്റ് എടുത്താണ് കഴിഞ്ഞമാസം നാലാം തീയതി ശമ്പളം വിതരണം ചെയ്തത്. ആന്റണി രാജു മന്ത്രിയായിരിക്കെ ശമ്പളം രണ്ടായിട്ടാണ് നൽകിയിരുന്നത്. ഗണേഷ് കുമാർ മന്ത്രിയായ ശേഷമാണ് ഒറ്റഗഡുവായി നൽകുന്നത് പുനരാരംഭിച്ചത്.