asha-latha-protest

ആശാ സമരം പരിഹാരമില്ലാതെ നീളുമ്പോള്‍ പലരുടെയും വീട് പട്ടിണിയിലാണ്. തുച്ഛമായ വേതനം കൂട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന ആശ വര്‍ക്കര്‍മാര്‍ പട്ടിണി അകറ്റാന്‍ കൂടിയാണ് സമരം നടത്തുന്നത്. തിരുവനന്തപുരം മുട്ടയ്ക്കാട് കോളിയൂർ ഭാഗത്തെ ആശാ വര്‍ക്കര്‍ ലത ഉണ്ണിയുടെ വീട് ജപ്‍തിയുടെ വക്കിലാണ്. കടം കയറി കഴുത്തോളം മുങ്ങുമ്പോഴും പ്രതീക്ഷ കൈവിടാതെ സമരമുഖത്ത് സര്‍ക്കാരിന് മുന്നില്‍ കേഴുകയാണിവര്‍.

കോളിയൂരിൽ ആശയാണ് ലത, 17 വർഷമായി നമുക്കിടയിൽ, നമ്മളിൽ ഒരാളായി ജീവിക്കുന്ന ലതയ്ക്ക് ഒരാശയുണ്ട്, ഒരു ദിവസമെങ്കിലും കടമില്ലാതെ ജീവിക്കണം. നിവർത്തി ഇല്ലാതെ വന്നപ്പോഴാണ് സമരമുഖത്തേക്ക് ഇറങ്ങിയത്. കുടിശ്ശിക ഓണറേറിയമായി കിട്ടിയ തുകയെല്ലാം കടം വീട്ടി. കൈയിലുള്ള പൊന്നും പണവും എല്ലാം വിറ്റു. വീട് ജപ്തി ഭീഷണിയിലാണ്... 

കേരള ബാങ്കിന്റെ പൂങ്കുളം ശാഖയിൽ നിന്നെടുത്ത ഒന്നേമുക്കാല്‍ ലക്ഷം രൂപയുടെ ലോൺ, അടവ് മുടങ്ങിയതോടെ കുടിശികയായി. ഈ സാമ്പത്തിക വർഷം തീരും മുന്‍പ് 62000 രൂപ അടച്ചാൽ വീട് തിരികെയെടുക്കാമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. രോഗിയായ ഭര്‍ത്താവ് വാര്‍ധക്യത്തിലും അടുത്തുള്ള തടി മില്ലില്‍ ജോലിക്ക് പോയാണ് ജീവിതം തള്ളിനീക്കിയിരുന്നത്. സമരപന്തലിലെ കഞ്ഞിയും ഉച്ചയൂണും ലതയ്ക്ക് ഇപ്പോഴൊരു ആശ്വാസമാണ്.