panniyankara-toll
  • കുമ്പളത്തും തിരുവല്ലത്തും ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 5 രൂപ
  • വാളയാറിലും പന്നിയങ്കരയിലും 2–3 ശതമാനം വര്‍ധന
  • പ്രതിമാസ നിരക്കുകളിലും വര്‍ധന

സംസ്ഥാനത്തെ വിവിധ ടോള്‍ പ്ലാസകളില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി. തിരുവന്തപുരം, കുമ്പളം, പന്നിയങ്കര, വാളയാര്‍ ടോള്‍ പ്ലാസകളിലെ പുതുക്കിയ നിരക്കുകളാണ് പുറത്തുവന്നത്. നിരക്കുവര്‍ധന ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. തിരുവല്ലത്ത് ഒരു യാത്രയ്ക്കുള്ള നിരക്കില്‍ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 5 രൂപയും ലൈറ്റ് വാണിജ്യ വാഹനങ്ങൾക്ക് 15 രൂപയും അടക്കമാണ് വർധിച്ചത്.

കഴിഞ്ഞ വർഷം വൻ വർധനവ് വരുത്തിയതിന് പിന്നാലെയാണ് വീണ്ടും നിരക്ക് വർധിപ്പിച്ചത്. കാറുകൾക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാൻ 155 രൂപയും ഇരുവശത്തേക്കും സഞ്ചരിക്കാൻ 230 രൂപയുമാണ് നിലവിലെ നിരക്ക്. ഇനി ഇത് 160 രൂപയും 240 രൂപയുമായി മാറും. തിരുവല്ലത്ത് ടോള്‍ പിരിവ് തുടങ്ങി ഒന്നരവർഷത്തിനുള്ളിൽ ഇത് അഞ്ചാം തവണയാണ് നിരക്ക് വർധിപ്പിക്കുന്നത്. നിലവിൽ കാറിനുള്ള മന്തിലി പാസ് 5100 രൂപയാണ്. ഇതിലും മാറ്റം വന്നിട്ടുണ്ട്. ഇനി മുതൽ കാറിന്റെ മന്തിലി പാസിന് 5375 രൂപ നൽകണം.

എറണാകുളം കുമ്പളം ടോള്‍പ്ലാസയില്‍ ലൈറ്റ്  മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഒരുഭാഗത്തേക്ക് അഞ്ചുരൂപ വര്‍ധിപ്പിച്ചു. ഇതോടെ അന്‍പത് രൂപ നല്‍കേണ്ടി വരും. പാലക്കാട് ജില്ലയിലെ വാളയാറിലും പന്നിയങ്കരയിലും രണ്ട് മുതൽ മൂന്ന് ശതമാനം വരെയാണ് രണ്ടിടങ്ങളിലെയും വർധന. വർഷം തോറുമുള്ള ആനുപാതിക വർധനയെന്നാണ് ടോൾ പിരിവ് കമ്പനിയുടെ വിശദീകരണം. വാളയാർ ടോളിൽ ജീപ്പിനും കാറിനും കഴിഞ്ഞവർഷം നിശ്ചയിച്ചിരുന്ന അതേ തുക നിലനിർത്തി എന്നത് മാത്രമാണ് ആശ്വാസം. വാളയാർ ടോൾ പ്ലാസ ഉൾപ്പെടുന്ന പുതുശ്ശേരി പഞ്ചായത്തിലെ വാഹന യാത്രികരുടെ പ്രതിമാസ നിരക്ക് 340 ൽ നിന്നും 350 രൂപയായി ഉയർത്തിയിട്ടുണ്ട്.

ENGLISH SUMMARY:

toll Rate Hike in Kerala at multiple plazas, including Thiruvananthapuram, Kumbalam, Panniyankara, and Walayar. The revised charges will take effect from April 1.