ib-officer-megha

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കുടുംബം. മേഘയുമായി അടുപ്പമുണ്ടായിരുന്ന ഐബി ഉദ്യോഗസ്ഥനും മലപ്പുറം സ്വദേശിയുമായ സുകാന്ത് സുരേഷ് മകളെ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്ന് മേഘയുടെ പിതാവ് മധുസൂദനന്‍ ആരോപിക്കുന്നു. ഫെബ്രുവരിയിലെ ശമ്പളമടക്കം സുകാന്തിന്‍റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും മരിക്കുമ്പോള്‍ വെറും 80 രൂപ മാത്രമായിരുന്നു അക്കൗണ്ടിലുണ്ടായിരുന്നതെന്നും പിതാവ് മനോരമന്യൂസിനോട് വെളിപ്പെടുത്തി.

രാജസ്ഥാനിലെ ജോധ്പുരില്‍ വച്ച് നടന്ന ട്രെയിനിങിനിടെയാണ് സുകാന്തിനെ മേഘ പരിചയപ്പെട്ടതെന്ന് കുടുംബം പറയുന്നു. സൗഹൃദം പ്രണയമായി വളര്‍ന്നതിന് പിന്നാലെ മേഘയുടെ അക്കൗണ്ടിലെത്തുന്ന മുഴുവന്‍ ശമ്പളവും സുകാന്തിന്‍റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടുവെന്നും മേഘയ്ക്ക് ആവശ്യം വരുമ്പോള്‍ അഞ്ഞൂറും ആയിരവുമായി സുകാന്ത് നല്‍കിയിരുന്നുവെന്നും ബാങ്ക് ഇടപാട് രേഖകള്‍ സഹിതം കുടുംബം ആരോപിക്കുന്നു. മകള്‍ക്ക് ഭക്ഷണം കഴിക്കാന്‍ പോലുമുള്ള പണം കൈവശം ഉണ്ടായിരുന്നില്ലെന്നും പിതാവ് പറയുന്നു. മേഘയുടെ മരണത്തിന് ശേഷമാണ് സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയുന്നതെന്നും മധുസൂദനന്‍ വെളിപ്പെടുത്തി.

ഉച്ചയ്ക്ക് ഭക്ഷണം പോലും പണമില്ലാത്തതിനാല്‍ മേഘ കഴിച്ചിരുന്നില്ലെന്നും പിറന്നാളിന് ലഡ്ഡു ആവശ്യപ്പെട്ടപ്പോള്‍‍ പണമില്ലെന്ന് പറഞ്ഞുവെന്ന് സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് കേക്ക് വാങ്ങിയാണ് പിറന്നാള്‍ ആഘോഷിച്ചതെന്നും മരണശേഷം കൂട്ടുകാര്‍ അറിയിച്ചതായി കുടുംബം വ്യക്തമാക്കി.

കഴിഞ്ഞയാഴ്ചയാണ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെത്തിയ മേഘയെ ചാക്കയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകന്‍ പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. വിവാഹം കഴിക്കണമെന്ന് മേഘ ആവശ്യപ്പെട്ടതോടെയാണ് സുകാന്ത് പിന്‍മാറിയതെന്നും തനിക്ക് ഐഎഎസ് എടുക്കണമെന്നും പിതാവിന്‍റെ ചികില്‍സ സംബന്ധമായ കാര്യങ്ങളുണ്ടെന്നുമായിരുന്നു മറുപടിയെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി.

ENGLISH SUMMARY:

Megha’s family claims IB officer Sukant Suresh financially exploited her, transferring her entire salary to his account, leaving her with only ₹80 at the time of her death.