സംസ്ഥാനത്ത് ജനവാസമേഖലയില്‍ കാട്ടാനകളുടെ തേര്‍വാഴ്ച തുടരുന്നു. പാലക്കാട് മംഗലംഡാം അയ്യപ്പന്‍ പാടിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് തോട്ടം തൊഴിലാളികള്‍ക്ക് പരുക്കേറ്റു. കോതമംഗലത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടം മാമലക്കണ്ടം സ്വദേശിയുടെ വീട് തകര്‍ത്തു.
പാലക്കാട് രണ്ടിടങ്ങളിലാണ് ഇന്ന് കാട്ടാനയിറങ്ങിയത്. മംഗലംഡാമില്‍ തോട്ടത്തില്‍ കുരുമുളക് പറിക്കുന്നതിനിടെയാണ് അസം സ്വദേശികളായ മുന്നുവിനെയും പിങ്കിയെയും കാട്ടാന ആക്രമിക്കുന്നത്. സാരമായി പരുക്കേറ്റ ഇരുവരെയും നെന്‍മാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നെല്ലിയാമ്പതിയില്‍ കൂനംപാലത്തിന് സമീപത്തെ തേയില തോട്ടത്തിലാണ് ചില്ലിക്കൊമ്പന്‍ ഇന്ന് വീണ്ടും ഇറങ്ങിയത്. പിന്നീട് വനംവകുപ്പ് ബഹളം വച്ച് ആനയെ കാട്ടിലേക്ക് തുരത്തി. കോതമംഗലം മാമലക്കണ്ടം സ്വദേശി ഡെനീഷ് ജോസഫിന്‍റെ വീടിനുനേരെയാണ് ഇന്ന് കാട്ടാനക്രമണം ഉണ്ടായത്. മാസങ്ങള്‍ക്ക് മുന്‍പും വീടിനുനേരെ കാട്ടാന ആക്രമണം ഉണ്ടായിരുന്നെങ്കിലും നഷ്ടപരിഹാരമൊന്നും നല്‍കിയില്ലെന്നും പരാതിയുണ്ട്. പുലര്‍ച്ചെ രണ്ടരയോടെയാണ് മലപ്പുറം നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം കാട്ടാനയിറങ്ങിയത്. പ്രദേശത്തെ കൃഷിയും ആന വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.