സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍. റമസാന്‍ 29 പൂര്‍ത്തിയാക്കിയാണ് ഇസ്‌ലാം മതവിശ്വാസികള്‍ ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നത്. നന്മകളാല്‍ സ്ഫുടം ചെയ്തെടുത്ത മനസുമായാണ് ഈദ് ആഘോഷം. കോഴിക്കോട് ബീച്ചിൽ നടന്ന സംയുക്ത ഈദ് ഗാഹിൽ 100 കണക്കിന് വിശ്വാസകൾ പങ്കെടുത്തു. എം അഹമ്മദ് കുട്ടി മഅദനി ഈദ് ഗാഹിന് നേതൃത്വം നൽകി.യുവത ലഹരിയുടെ ചതിക്കുഴിയിൽ വീഴുകയാണെന്നും അവരെ അവിടെ നിന്ന് രക്ഷപ്പെടുത്തി ചേർത്തു പിടിക്കണമെന്നും പെരുന്നാൾ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. കോഴിക്കോട് വിവിധ ഇടങ്ങളിൽ നടന്ന ഈദ് ഗാഹുകളിലും പള്ളികളിൽ നടന്ന പെരുന്നാൾ നമസ്കാരങ്ങളിലും ആയിരങ്ങൾ പങ്കെടുത്തു.
കൊച്ചി കലൂർ സ്റ്റേഡിയം പരിസരത്ത് നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത പെരുന്നാൾ നമസ്കാരത്തിന് സുബൈർ പീടിയേക്കൽ നേതൃത്വം നൽകി.
മറൈൻഡ്രൈവിലും കടവന്ത്ര സലഫി ജുമാമസ്ജിദിലും നടന്ന പെരുന്നാൾ നമസ്കാരത്തിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
ലഹരിവിരുദ്ധ സന്ദേശം നല്‍കിയായിരുന്നു തിരുവനന്തപുരത്ത് ഈദ്ഗാഹ്. ലഹരി വിരുദ്ധ പ്രചാരണങ്ങളില്‍ വിശ്വാസി സമൂഹം മുന്‍പന്തിയില്‍ നില്‍ക്കണമെന്ന് പാളയം ഇമാം പി.പി സുഹൈബ് മൗലവി പറഞ്ഞു.
ലഹരിമരുന്ന് ഉപയോഗത്തില്‍ നിന്നും മദ്യപാനത്തില്‍ നിന്നും വിശ്വാസിസമൂഹം മാറിനില്‍ക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ പെരുന്നാള്‍ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.
ഡല്‍ഹി ജുമാ മസ്ജിദില്‍ ഈദ് നമസ്കാരത്തിന് ആയിരങ്ങളാണ് ഒത്തുചേര്‍ന്നത്. രാവിലെയുള്ള നമസ്കാരത്തിന് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി. സമൂഹത്തിൽ ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമാണ് ഈദുൽ ഫിത്തറെന്ന് നല്‍കുന്നതെന്ന് മതപണ്ഡിതര്‍ പറഞ്ഞു. പെരുന്നാള്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ജുമാ മസ്ജിദ് പരിസരത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.