megha-sukanth

തിരുവനന്തപുരത്തെ ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുഹൃത്ത് സുകാന്ത് സുരേഷ് ഒളിവില്‍ പോയത് മേഘ മരിച്ചതിന്‍റെ രണ്ടാംദിനം. മരണവാര്‍ത്ത അറിഞ്ഞ് ആത്മഹത്യാ പ്രവണത കാട്ടിയതോടെ 24ന് സുകാന്തിനെ വീട്ടിലെത്തിച്ചു. മരിക്കുന്നതിന് മുന്‍പ് മകള്‍ ഫോണ്‍ വിളിച്ചിരുന്നതായി മേഘയുടെ അമ്മ. അസ്വാഭാവികമായി ഒന്നും പറഞ്ഞില്ലെന്നും മൊഴി. തിങ്കളാഴ്ച രാവിലെയുണ്ടായ ഫോണ്‍ വിളികളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് നിഗമനം.

അതേസമയം, ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥ മേഘയെ കാമുകന്‍ സാമ്പത്തികമായി ചൂഷണം ചെയ്തെന്ന് ആരോപിച്ച് കുടുംബം. ആത്മഹത്യാസമയത്ത് ഫോണ്‍ ചെയ്തത് കാമുകന്‍ സുകാന്ത് ആയിരുന്നു എന്നും പിതാവ് മധുസൂദനന്‍ പറഞ്ഞു. വിവാഹ ആലോചനയ്ക്കായി വീടിന്‍റെ പെയിന്‍റിങ് അടക്കം പൂര്‍ത്തിയാക്കി കാത്തിരിക്കുമ്പോഴാണ് യുവാവിന്‍റെ പിന്‍മാറ്റവും മേഘയുടെ ആത്മഹത്യയും. 

ഐ.ബി.പരിശീലനകാലത്താണ് മേഘയും സുകാന്തും അടുപ്പത്തിലായത്. പിന്നീട് പലവട്ടമായി പണം കൈക്കലാക്കി. അവസാന മാസങ്ങളില്‍ ശമ്പളം പൂര്‍ണമായും സുകാന്തിന് യുപിഐ വഴി കൈമാറ്റം ചെയ്തു.ഭക്ഷണത്തിന് പോലും കയ്യില്‍ പണമില്ലാത്ത അവസ്ഥയിലായിരുന്നു മേഘ. ജന്മദിനത്തിന് കേക്ക് വാങ്ങാന്‍ പോലും പണമില്ലായിരുന്നു. വന്‍ തുക വാങ്ങിയ കാമുകന്‍ ചെലവിനുള്ള പണംമാത്രം മേഘയ്ക്ക് നല്‍കിയിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്.

വിവാഹക്കാര്യം പറഞ്ഞെങ്കിലും കൊച്ചി വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥനായ യുവാവ് ഒഴിഞ്ഞുമാറി. പലവട്ടം ഇരുവരും ഒരുമിച്ച് യാത്ര ചെയ്തു. ട്രെയിനിന് മുന്നില്‍ ചാടുമ്പോള്‍ മേഘയുമായി ഫോണില്‍ സംസാരിച്ചിരുന്നത് സുകേഷ് ആയിരുന്നെന്നും. കൂടുതല്‍ ചൂഷണങ്ങള്‍ നടന്നെന്നും ഭീഷണി ഉണ്ടായിരുന്നു എന്നും കുടുംബം ആരോപിക്കുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥയായിരുന്ന മേഘ കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരത്ത് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോഴായിരുന്നു ആത്മഹത്യ.സംഭവത്തില്‍ പേട്ട പൊലീസും ഐബിയും അന്വേഷണം തുടരുകയാണ്.

ENGLISH SUMMARY:

Sukanth Suresh, a friend of Megha, went into hiding on the second day after the death of an IB officer in Thiruvananthapuram. After learning about the death, he showed suicidal tendencies, and on the 24th, Sukanth was brought home. Megha's mother said that her daughter had called her before her death. She also said that she did not say anything unusual. The police concluded that the phone calls on Monday morning led to her death.