സൗദിയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയനാട് സ്വദേശികളായ പ്രതിശ്രുത വരനും വധുവിനും ദാരുണാന്ത്യം. നടവയൽ സ്വദേശിയായ ടീന ബൈജുവും അമ്പലവയൽ സ്വദേശിയായ അഖിൽ അലക്സുമാണ് മരിച്ചത്. ജൂണിൽ വിവാഹിതരാകാനിരിക്കെയാണ് ദുരന്തത്തിൽ ഇരുവരുടേയും ജീവൻ പൊലിഞ്ഞത്.
ഇന്നലെ വൈകിട്ട് സൗദി സമയം നാലുമണിക്കായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച വാഹനവും എതിർവശത്ത് നിന്നും വന്ന സൗദി സ്വദേശിയുടെ കാറും തമ്മിൽ കൂട്ടിയിച്ച് തീപ്പിടിക്കുകയായിരുന്നു. മരിച്ച രണ്ടു പേരുടെയും മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവണ്ണം കത്തിയമർന്നു. കഴിഞ്ഞ ഒന്നര വർഷമായി സൗദി മദീനയിലെ കാർഡിയാക് സെന്‍ററില്‍ നഴ്സായി ജോലി ചെയ്യുകയാണ് ടീന. അഞ്ചുമാസം മുമ്പാണ് ടീന അവസാനമായി നാട്ടിലെത്തിയത്. അഖിൽ യു.കെയിൽ നഴ്സ് ആണ്.
അൽ ഉല സന്ദർശിച്ചതിനു ശേഷം സൗദിയിൽ നിന്നും ഒരുമിച്ച് നാട്ടിലെത്തി, വിവാഹത്തിനുശേഷം ഇരുവരും യുകെയിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടയായിരുന്നു അപകടം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരുടേയം മൃതദേഹങ്ങൾ അടുത്തയാഴ്ച നാട്ടിലെത്തിക്കും.