നിര്‍ണായക തീരുമാനം ഇന്നെന്ന് എന്‍.പ്രശാന്ത് ഐ.എ.എസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. എന്താണു തീരുമാനമെന്നു വ്യക്തതയില്ല. അച്ചടക്ക നടപടി നേരിട്ട് സസ്പെന്‍ഷനില്‍ കഴിയുകയാണ് പ്രശാന്ത്. 'ആ തീരുമാനം ഇന്ന് എടുക്കുന്നു' എന്നാണ് എൻ. പ്രശാന്ത് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ഒപ്പം റോസാപൂ ഇതളുകളുടെ ഫോട്ടോയും പോസ്റ്റ് ചെയ്തു. ‘സംതിങ് ന്യൂ ലോഡിങ്’ എന്ന ഹാഷ് ടാഗും ഒപ്പം ചേർത്തിട്ടുണ്ട്.
രാജി വയക്കുന്നതിന്റെ സൂചനയാണെന്ന് കമന്റ് ബോക്‌സില്‍ നിരവധി പേര്‍ അഭിപ്രായപ്പെട്ടു. രാജിവെയ്ക്കരുതെന്നും സര്‍വീസില്‍ തുടരണമെന്നും പലരും കമന്റുകളിലൂടെ അഭ്യര്‍ഥിച്ചു. പുതിയ തീരുമാനത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ടും ഒരു വിഭാഗം എത്തി. എന്നാല്‍ ഇത് ഏപ്രില്‍ ഫൂള്‍ പോസ്റ്റാണെന്ന് ചിലരുടെ അഭിപ്രായം. ‘കടുത്ത തീരുമാനങ്ങൾ ഒന്നും വേണ്ട, തീരുമാനങ്ങൾ എല്ലാം നന്നായി ആലോചിച്ചു മാത്രം എടുക്കൂ’ എന്നൊക്കെ ചിലര്‍ ഉപദേശിക്കുന്നുണ്ട്.
അഡീഷനൽ ചീഫ് സെക്രട്ടറി എ.ജയതിലകിനെയും വ്യവസായ വകുപ്പ് മുൻ സെക്രട്ടറി കെ.ഗോപാലകൃഷ്ണനെയും സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിൽ നിലവില്‍ സസ്പെൻഷനിലാണ് എൻ.പ്രശാന്ത്. കഴിഞ്ഞ നവംബര്‍ 11 നായിരുന്നു സസ്പെൻഡ് ചെയ്തത്. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്ട്രേറ്റീവ് സർവീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവർത്തിച്ചെന്നും സസ്പെന്‍ഷന്‍ ഉത്തരവിൽ പറയുന്നു. കുറ്റാരോപണ മെമ്മോയ്ക്ക് പ്രശാന്ത് മറുപടി നൽകിയിരുന്നില്ല. മറുപടിക്ക് പകരം പ്രശാന്ത് ചീഫ് സെക്രട്ടറിയോട് മറുചോദ്യങ്ങൾ ചോദിച്ചതും വിവാദമായിരുന്നു. ഇതിന് രണ്ട് മറുപടി ചീഫ് സെക്രട്ടറി നൽകി. ആദ്യം നൽകേണ്ടത് മറുപടിയാണെന്നും തെളിവുകള്‍ ആവശ്യപ്പെടേണ്ടത് അന്വേഷണ സമിതിക്ക് മുന്നിലാണെന്നുമായിരുന്നു ചീഫ് സെക്രട്ടറിയുടെ മറുപടി. പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ റിവ്യു കമ്മിറ്റി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. സസ്‌പെന്‍ഷന്‍ നീട്ടാനുള്ള ശുപാര്‍ശയാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് പുറത്ത് വരുന്ന സൂചന.