Vellappally Natesan at Kollam SN college
ആദായ നികുതിയിലടക്കം സമഗ്രമാറ്റങ്ങളാണ് ഇന്നുമുതല്‍. ബജറ്റിൽ പ്രഖ്യാപിച്ച നിരക്ക് വർധനകളാണ് പുതിയ സാമ്പത്തിക വർഷത്തില്‍ പ്രാബല്യത്തിലായത്. 12 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പൂര്‍ണ നികുതിയിളവ് ലഭിക്കുന്ന പുതിയ ആദായനികുതി നിരക്ക് പ്രാബല്യത്തിലായി. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 75,000 ആയി ഉയര്‍ന്നു.
ഏറെക്കാലമായി ഉപയോഗിക്കാത്ത മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ച യു.പി.ഐ സേവനങ്ങള്‍ക്ക് തടസം നേരിടും. ബാങ്കുകളിലെ മിനിമം ബാലന്‍സ് നിയമങ്ങളിലും മാറ്റംവന്നു. സംസ്ഥാനത്ത് ഭൂനികുതിയും കോടതി ഫീസും വാഹനനികുതിയും അടക്കമുള്ളവ വർധിക്കും.
വൈദ്യുതി– കുടിവെള്ള നിരക്കുകള്‍ കൂടും. വൈദ്യുതി നിരക്ക് യൂണിറ്റിന് 12 പൈസയാണ് വര്‍ധന. ഡിസംബറില്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിച്ച നിരക്കാണിത്. പ്രതിമാസ സര്‍ചാര്‍ജ് യൂണിറ്റിന് ഏഴുപൈസ കൂടാതെയാണ് നിരക്ക് വര്‍ധന. ഫലത്തില്‍ 19 പൈസയുടെ വര്‍ധന. വെള്ളക്കരവും അഞ്ച് ശതമാനം കൂടും.
ടോള്‍ നിരക്ക് വര്‍ധന ഇങ്ങനെ
തിരുവനന്തപുരം തിരുവല്ലം ടോൾ പ്ലാസയിൽ ടോൾ നിരക്ക് വർധന പ്രാബല്യത്തിൽ. ഒരു യാത്രയ്ക്കുള്ള നിരക്കിൽ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 5 രൂപയും ലൈറ്റ് വാണിജ്യ വാഹനങ്ങൾക്ക് 15 രൂപയും അടക്കമാണ് വർധിച്ചത്. കാറുകൾക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാൻ 155 രൂപയും ഇരുവശത്തേക്കും സഞ്ചരിക്കാൻ 230 രൂപയുമാണ് നിലവിലെ നിരക്ക്. ഇനി ഇത് 160 വും 240 രൂപയുമായി മാറും. തിരുവല്ലത്ത് ടോള്‍ പിരിവ് തുടങ്ങി ഒന്നരവർഷത്തിനുള്ളിൽ ഇത് അഞ്ചാം തവണയാണ് നിരക്ക് വർധിപ്പിക്കുന്നത്. കാറിനുള്ള പ്രതിമാസ പാസ് 5100 രൂപയിൽ നിന്ന് 5375 രൂപയായി.
കൊച്ചിയിൽ അരൂർ ഇടപ്പള്ളി ബൈപാസിലെ കുമ്പളം, കണ്ടൈനർ റോഡിലെ പൊന്നാരിമംഗലം ടോൾ പ്ലാസകളിൽ പുതുക്കിയ ടോൾ നിരക്ക് നിലവിൽ വന്നു. കുമ്പളം ടോൾ പ്ലാസയിൽ കാറും ജീപ്പും ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 50 രൂപയാക്കി. പൊന്നാരിമംഗലം ടോൾ പ്ലാസയിൽ 65 രൂപയാണ്. ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് അഞ്ച് രൂപ വർദ്ധിപ്പിച്ചപ്പോൾ ഹെവി വാഹനങ്ങൾക്ക് 10 മുതൽ 35 വരെയാണ് വർധന.
പാലക്കാട് ജില്ലയിലെ വാളയാറിലും പന്നിയങ്കരയിലും ടോൾ നിരക്ക് കൂടി. രണ്ട് മുതൽ മൂന്ന് ശതമാനംവരെയാണ് രണ്ടിടങ്ങളിലെയും വർധന. വാളയാർ ടോളിൽ ജീപ്പിനും കാറിനും കഴിഞ്ഞവർഷം നിശ്ചയിച്ചിരുന്ന അതേതുക നിലനിർത്തി എന്നത് മാത്രമാണ് ആശ്വാസം. പന്നിയങ്കരയില്‍ ഏഴരക്കിലോമീറ്റര്‍ പരിധിയിലുള്ളവരില്‍, വാഹനങ്ങളുടെ രേഖകള്‍ ഹാജരാക്കിയവര്‍ക്ക് മാത്രമേ സൗജന്യ യാത്ര അനുവദിക്കൂ എന്നതാണ് ടോള്‍ പിരിവ് കമ്പനിയുടെ നിലപാട്. ആറ് പഞ്ചായത്തുകളില്‍പ്പെടുന്ന പത്ത് കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് സൗജന്യം അനുവദിക്കണമെന്നാണ് ജനകീയ സമിതിയുടെ നിലപാട്. ഉന്നതസമിതിയുടെ തീരുമാനം വരും മുന്‍പ് പന്നിയങ്കരയില്‍ നാട്ടുകാരില്‍ നിന്നും നിര്‍ബന്ധപൂര്‍വം ടോള്‍ പിരിച്ചാല്‍ സമരം തുടങ്ങുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്നറിയിപ്പ്.