ഒറ്റപ്പാലം മീറ്റ്നയിൽ എസ്.ഐയ്ക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാജ് നാരായണനും സംഘർഷം നടന്ന സ്ഥലത്തു നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത അക്ബർ എന്ന യുവാവിനുമാണു വെട്ടേറ്റത്. രാത്രി പന്ത്രണ്ടോടെയായിരുന്നു അക്രമണമുണ്ടായത്. പ്രദേശത്തു സംഘർഷം നടന്നതറിഞ്ഞ് എത്തിയ പൊലീസ്, അക്ബറുമായി സ്റ്റേഷനിലേക്കു പോകാൻ തുടങ്ങുന്നതിനിടെയാണ് എതിർവിഭാഗം ആക്രമിച്ചത്.
രാജ് നാരായണനെയും അക്ബറിനെയും കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജ് നാരായണന്റെയും അക്ബറിന്റെയും കൈക്കാണ് പരുക്കേറ്റത്. അക്ബറും സുഹൃത്തുക്കളായ ചിലരും തമ്മിലായിരുന്നു ആദ്യഘട്ടത്തിൽ സംഘർഷം. ഇതിനിടെ ചിലർക്കു പരുക്കേറ്റിരുന്നു. ഇതറിഞ്ഞാണു പൊലീസ് സ്ഥലത്തെത്തിയത്. ആക്രമണത്തിൽ രണ്ട് യുവാക്കളെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.