കഞ്ചാവ് കണ്ടെത്തിയതിലെ അന്വേഷണവുമായി സഹകരിക്കാതെ കേരള യൂണിവേഴ്സിറ്റി ഹോസ്റ്റൽ അധികൃതർ. എക്സൈസ് ആവശ്യപ്പെട്ടിട്ടും കഞ്ചാവ് കണ്ടെത്തിയ മുറിയിലെ താമസക്കാരന്റെ മുഴുവൻ മേൽവിലാസവും നൽകിയില്ല. ഇതോടെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ എക്സൈസിന് കഴിയുന്നില്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഇന്നലെ രാവിലെയാണ് യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ 455 ാം മുറിയിൽ നിന്ന് 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. മുറി ആരുടേതെന്ന എക്സൈസ് ചോദ്യത്തിന് തമിഴ്നാട് സ്വദേശിയായ വിദ്യാർത്ഥിയുടേതെന്നായിരുന്നു ഹോസ്റ്റൽ വാർഡന്റെ മറുപടി. പൂർണമായ മേൽവിലാസം വേണമെന്ന് അപ്പോൾ തന്നെ എക്സൈസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് ഇതുവരെയും നൽകിയിട്ടില്ല. ഇതോടെ അന്വേഷണവും വഴിമുട്ടി.
പൂർണമായ മേൽവിലാസം കിട്ടിയാൽ മാത്രമേ ചോദ്യം ചെയ്യലിലൂടെ ഇത് ആർക്ക് കൈമാറാനാണ് കൊണ്ടുവന്നതെന്ന് അറിയാൻ കഴിയൂ. 15 റൂമുകളിൽ നിലവിൽ വിദ്യാർത്ഥികൾ ഇല്ലെന്നും ഇവിടെ ആരൊക്കെ വന്നെന്ന് അറിയില്ലെന്നും ഹോസ്റ്റൽ വാർഡൻ എക്സൈസിനെ അറിയിച്ചു. കോളേജ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ കീഴിലാണ് പാളയത്തെ ഹോസ്റ്റൽ.
അന്വേഷണം വഴിമുട്ടിയ കാര്യം ഉദ്യോഗസ്ഥനായ റേഞ്ച് ഇൻസ്പെക്ടർ ഹരികൃഷ്ണൻ എക്സൈസ് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. അവരുടെ കൂടെ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർനടപടികളുടെ കാര്യത്തിൽ തീരുമാനമെടുക്കുക.