തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലുള്ള കൊല്ലം കടയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ ഗാനമേളയ്ക്കിടെ വിപ്ലവഗാനം അവതരിപ്പിച്ചതില്‍ ഹൈക്കോടതിയുടെ വിമര്‍ശനം. അമ്പലപ്പറമ്പ് അതിനല്ല, ജനങ്ങള്‍ എത്തുന്നത് ഉല്‍സവം കാണാനെന്ന് കോടതി. പ്രേക്ഷകരുടെ ആവശ്യപ്രകാരമായിരുന്നു അവതരണമെന്നായിരുന്നു ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കോടതിയെ അറിയിച്ചത്.
നേരത്തെയും പരിപാടിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. വിപ്ലവഗാനം ആലപിച്ചത് പാടില്ലായിരുന്നുവെന്ന് ഹൈക്കോടതി പറയുകയുമുണ്ടായി. ‘ഭക്തരില്‍നിന്ന് ശേഖരിക്കുന്ന പണം ഇത്തരം പരിപാടികള്‍ക്കുള്ളതല്ല. പണം കൂടുതലുണ്ടെങ്കില്‍ ഭക്തര്‍ക്ക് അന്നദാനം നടത്തൂ.’ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കോടതി ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി പറഞ്ഞിരുന്നു.
ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിലായിരുന്നു വിപ്ലവഗാനാലാപനം. ഡിവൈഎഫ്ഐയുടെ പതാക പശ്ചാത്തലത്തിലൊരുക്കിയാണ് പാട്ടുപാടിയത്. സംഭവിച്ചത് ഗുരുതര തെറ്റെന്ന് ദേവസ്വം ബോര്‍ഡും നിലപാടെടുത്തിരുന്നു. നിർബന്ധിച്ച് പാടിപ്പിച്ചില്ലെന്നാണ് ഉപദേശകസമിതിയുടെ വിശദീകരണം. വിപ്ലവഗാനം പാടിയത് കാണികള്‍ ആവശ്യപ്പെട്ടതിനാലെന്നും വിവാദം ആവശ്യമില്ലെന്നുമാണ് ഗായകന്‍ ആലോഷി ആദം പ്രതികരിച്ചത്. എന്നാല്‍ ഡിവൈഎഫ്ഐയുടെ പേരും പതാകയും പശ്ചാത്തലത്തില്‍ വന്നതിന്‍റെ കാരണം അറിയില്ലെന്നും ഗായകന്‍ പറഞ്ഞിരുന്നു. സിപിഎം സംഘടനയായ വ്യാപാരി വ്യവസായി സമിതി മടത്തറ, ആല്‍ത്തറമൂട് യൂണിറ്റുകളും വ്യാപാരി വ്യവസായി സമിതി കടയ്ക്കൽ ഏരിയ കമ്മിറ്റിയും വഴിപാടായാണ് സംഗീത പരിപാടി നടത്തിയത്.