കേരളത്തിലെ വികസനത്തില്‍ അടിസ്ഥാന പങ്ക് വഹിക്കാന്‍ കിഫ്ബിക്കായെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ. പ്രതിസന്ധികളെ മറികടന്ന് കിഫ്ബി മുന്നോട്ട് പോകും. വിഴിഞ്ഞം തുറമുഖത്തെ തുടര്‍ന്നുണ്ടാകുന്ന വികസനം പ്രയോജനപ്പെടുത്താനായി, ആയിരം കോടി രൂപ ഈ വര്‍ഷം തന്നെ കിഫ്ബി പ്രഖ്യാപിച്ചുകഴിഞ്ഞെന്നും ധനമന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യവികസനത്തിന് മൂലധന നിക്ഷേപം കണ്ടെത്തുക–അതിന് വേണ്ടിയാണ് കിഫ്ബി അഥവാ കേരള ഇൻഫ്രാസ്ട്രച്ചർ ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ബോർഡ് രൂപീകരിച്ചത്. സാമ്പത്തിക മേഖലയിലെ മാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കുകയും സമ്പത്ത് വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയുമായിരുന്നു അടിസ്ഥാന ലക്ഷ്യങ്ങൾ. മാതൃവകുപ്പ് ധനവകുപ്പാണെങ്കിലും മറ്റെല്ലാ വകുപ്പുകളുടെയും വികസന പദ്ധതികള്‍ ചെന്നെത്തി നിന്നത് കിഫ്ബിയുടെ ഫണ്ടിലാണ്. അതുകൊണ്ട് തന്നെ സംസ്ഥാന വികസനത്തിന്‍റെ അടിസ്ഥാനമെന്നാണ് ധനമന്ത്രി കിഫ്ബിയെ വിശേഷിപ്പിക്കുന്നത്.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി, കേന്ദ്രസഹായം വെട്ടിക്കുറക്കല്‍ പ്രതിസന്ധികള്‍ ഏറെയുണ്ടായിരുന്നു കിഫ്ബിക്ക് മുന്നില്‍. കിഫ്ബിയുടെ കരുത്തില്‍ തന്നെയാണ് മുന്നോട്ടുള്ള വികസനങ്ങളെയും ധനവകുപ്പ് സ്വപ്നം കാണുന്നത്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്ന വിഴിഞ്ഞം–കൊല്ലം–പുനലൂര്‍ കോറിഡോറിന് ആയിരം കോടി ബജറ്റില്‍ പ്രഖ്യാപിച്ചത് ഉദാഹരണം മാത്രം. വലിയ നിക്ഷേപം വരുന്ന പദ്ധതികള്‍ ഏറ്റെടുക്കാന്‍ കിഫ്ബിക്ക് ആകുമോയെന്ന സംശയത്തിനുള്ള മറുപടി കൂടിയാണ് ഇത്തരം പദ്ധതികള്‍.