ആശാ വര്‍ക്കര്‍മാരുടെ സമരത്തിലടക്കം ചിലര്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് നയം യു.ഡി.എഫ് മനസ്സിലാക്കണമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ആശാ വര്‍ക്കര്‍മാരുടെ ഹോണറേറിയം വര്‍ദ്ധിപ്പിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഫലപ്രദമായ ഒരു ഇടപെടലും നടത്താത്ത കേന്ദ്ര മന്ത്രിയടക്കം സമരത്തിലുള്ള സഹോദരിമാരുടെ അടുത്തേക്ക് എത്തി വലിയ പ്രഖ്യാപനങ്ങള്‍ നടത്തുന്ന കബളിപ്പിക്കല്‍ തന്ത്രം യു.ഡി.എഫ് തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ആശാ വര്‍ക്കര്‍മാരുമായി ആരോഗ്യമന്ത്രി ഇന്ന് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. സെക്രട്ടേറിയറ്റിന് മുന്നില്‍ 38 ദിവസം പിന്നിട്ട ആശാ വര്‍ക്കര്‍മാരുടെ സമരം തുടരും. നാളെ മുതല്‍ ആശാ വര്‍ക്കര്‍മാര്‍ നിരാഹാരസമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ചര്‍ച്ചയ്ക്ക് വിളിച്ചുവെന്ന് വരുത്തിത്തീര്‍ത്തെന്ന് ആശ വര്‍ക്കര്‍മാര്‍ വിമര്‍ശിക്കുന്നു.
'സമരം നിര്‍ത്തി പോകാന്‍ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. ഒരു ആവശ്യവും പരിഗണിച്ചില്ല. ചര്‍ച്ച ചെയ്യാന്‍ പോലും മന്ത്രി തയ്യാറായില്ല. സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി ആശമാര്‍ മനസിലാക്കണമെന്നായിരുന്നു ആവശ്യം'. നിരാഹാരസമരത്തിന് മുന്‍പ് ചര്‍ച്ചയ്ക്ക് വിളിച്ചുവെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും ആശാ വര്‍ക്കര്‍മാര്‍ വിശദീകരിക്കുന്നു.