വഖഫ് ബിൽ നിയമമാകുന്നതോടെ തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മുനമ്പത്തുകാർ. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമല്ല എന്നാണ് ഒരു വിഭാഗം നിയമവിദഗ്ധരുടെ വാദം. പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട നിയമപോരാട്ടം നീളാനാണ് സാധ്യതയെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വഖഫ് ബില്ലിലെ സെക്ഷൻ 2(A) യിലാണ് മുനമ്പം നിവാസികളുടെ പ്രതീക്ഷയത്രയും. ഭൂമി കൈമാറിയത് ട്രസ്റ്റാണെങ്കിൽ, ആ ഭൂമിക്ക് വഖഫ് നിയമം ബാധകമാകില്ലെന്നാണ് ഈ വകുപ്പ് പ്രകാരമുള്ള ഭേദഗതി. ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റിയിൽ നിന്നാണ് മുനമ്പം നിവാസികൾ ഭൂമി വാങ്ങിയത്. ഇതിന്‍റെ രേഖകൾ സഹിതമാണ് ഇവരുടെ നിയമ പോരാട്ടവും.
എന്നാൽ പുതിയ വഖഫ് നിയമം മുനമ്പം നിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉതകുന്നതല്ല എന്നാണ് ഒരു വിഭാഗം നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സെക്ഷൻ 2A പ്രകാരമുള്ള ഭേദഗതിയോടെ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് പറയുന്നത് നിയമവ്യവസ്ഥയെ കുറിച്ചുള്ള ബോധമില്ലാത്തതുകൊണ്ടാണെന്ന് മുസ്‌ലിം ലീഗ് നേതാവും നിയമവിദഗ്ധനുമായ അഡ്വ. മുഹമ്മദ് ഷാ പറഞ്ഞു.
ഭൂമി മുനമ്പം നിവാസികൾക്ക് വിറ്റ ഫാറൂഖ് കോളജിനെ ട്രസ്റ്റ് ആയി പരിഗണിക്കാനാവില്ല എന്നാണ് വഖഫ് ബോർഡിന്‍റെ നിലപാട്. ഭൂമിയുടെ സംരക്ഷണ ചുമതലയുള്ള 'മുത്തവല്ലി' ആണ് കോളജെന്നും അവർ വ്യക്തമാക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബോർഡ് നിയമപോരാട്ടത്തിന് ഇറങ്ങിയാൽ നിയമവിദഗ്ധർ സൂചിപ്പിക്കുന്നത് പോലെ കാര്യങ്ങൾ സങ്കീർണമാകും