കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ പ്രതികരിച്ച് പൊലീസ്. തൂങ്ങിമരിച്ച ഗോകുല്‍ മുന്‍പും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന്് പൊലീസ് പറയുന്നു. ശരീരത്തിലെ മുറിവുകള്‍ നേരത്തെ നടത്തിയ ആത്മഹത്യാശ്രമങ്ങളുടെ ബാക്കിപത്രം. കൈത്തണ്ടയില്‍ മുറിവുണ്ടായതിന്റെ അഞ്ച് പാടുകള്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നതായും പൊലീസ്.
കൽപ്പറ്റ പൊലീസ് സ്റ്റേഷൻ ശുചിമുറിയിലാണ് അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി ഗോകുലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഒരു പെൺകുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ പെൺകുട്ടിക്കൊപ്പം യുവാവിനെ കോഴിക്കോട് നിന്ന് കണ്ടെത്തിയത്. രാവിലെ ശുചിമുറിയിലേക്ക് പോയ യുവാവ് തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഗോകുലിനെ ഷര്‍ട്ടില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയതെന്ന് വയനാട് എസ്പി തപോഷ് ബസുമതാരി പറഞ്ഞത്.
എന്നാല്‍ ഗോകുലിന് 18 വയസ്സ് തികഞ്ഞിട്ടില്ലെന്ന് സ്കൂള്‍ രേഖ പുറത്തുവന്നിരുന്നു. സ്കൂള്‍ ടിസിയിലെ ജനന തീയതി 2007 മേയ് 30 ആണ്. 18 വയസ് തികയാന്‍ രണ്ടുമാസം കൂടി വേണം. എഫ്ഐആറില്‍ പൊലീസ് രേഖപ്പെടുത്തിയത് ജനനവര്‍ഷം മാത്രം. ഗോകുല്‍ കൊല്ലപ്പെട്ടത് പൊലീസ് മര്‍ദനത്തിലാണെന്ന് റിപ്പോര്‍ട്ടുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആരോപിക്കുകയും ചെയ്തിരുന്നു.