veena-vijayan-cmrl-2

സിഎംആർഎൽ എക്സാലോജിക് ദുരൂഹ സമ്പത്തികയിടപാടിൽ പ്രമുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ പ്രതിയാക്കി എസ്എഫ്ഐഒ കുറ്റപത്രം. സിഎംആർഎൽ എംഡി ശശിധരൻ കർത്തയും ജീവനക്കാരും എക്സാലോജിക്ക് ഉൾപ്പെടെയുള്ള കമ്പനികളുമടക്കം പതിമൂന്ന് പേരാണ് പ്രതിപട്ടികയിൽ. പ്രോസിക്യൂഷൻ നടപടികൾക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നൽകിയതിന് പിന്നാലെയാണ് കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

2024 ജനുവരിയിൽ ആരംഭിച്ച അന്വേഷണം പൂർത്തിയാക്കിയാണ് എസ്എഫ്ഐഒ കേസിന്റെ വിചാരണ ഘട്ടത്തിലേക്ക് കടക്കുന്നത്. അന്വേഷണത്തിലെ മൂന്ന് കണ്ടെത്തലുകളുടെ അടിസ്ഥാനപ്പെടുത്തിയാണ് എസ്എഫ്ഐഒ കുറ്റപത്രം. യാതൊരു സേവനവും നൽകാതെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും എക്സാലോജിക് കമ്പനിയും സിഎംആർഎലിൽ നിന്ന് രണ്ട് കോടി 70 ലക്ഷം രൂപ അനധികൃതമായി കൈപ്പറ്റിയെന്നാണ് ഒരു കണ്ടെത്തൽ. കമ്പനി കാര്യ ചട്ടത്തിലെ 447 വകുപ്പ് പ്രകാരം പത്ത് വർഷം വരെ തടവും വെട്ടിപ്പ് നടത്തിയ തുകയുടെ മൂന്നിരട്ടിവരെ പിഴ ശിക്ഷ ലഭിക്കുന്ന കുറ്റമാണ് വീണക്കെതിരെ ചുമത്തിയിട്ടുള്ളത്. 

എക്സലോജിക്കിന് പുറമെ എംപവർ ഇന്ത്യ കമ്പനിയും പ്രതിപ്പട്ടികയിലുണ്ട്. ശശിധരൻ കർത്തയും ഭാര്യയുമാണ് എംപവർ ഇന്ത്യാ കമ്പനിയുടെ ഡയറക്റ്റർമാർ. മാലിന്യനീക്കത്തിന്റെയും യാത്രച്ചെലവുകളുടെയും പേരിൽ കർത്തയും കൂട്ടരും 182 കോടിയുടെ വെട്ടിപ്പ് നടത്തിയെന്നാണ് മറ്റൊരു കണ്ടെത്തൽ. ഈ തട്ടിപ്പിൽ ശശിധരൻ കർത്തക്ക് പുറമേ മകൻ ശരൺ എസ് കർത്ത സിഎംആർഎല്ലിലെ ചീഫ് ജനറൽ മാനേജർ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ, ഓഡിറ്റർമാരടക്കം പ്രതികളാണ്. കർത്തയുടെ മരുമകൻ അനിൽ ആനന്ദ പണിക്കർക്ക് കമ്മീഷനെന്ന പേരിൽ നൽകിയ 13 കോടിയുടെ വെട്ടിപ്പും അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ശശിധരൻ കർത്തയുടെ കുടുംബാംഗങ്ങൾ ഡയറക്ടർമാരായ നിപുണ ഇൻറർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളും പ്രതിപ്പടികയിലുണ്ട്.

ഇല്ലാത്ത ചെലവുകൾ പെരുപ്പിച്ച് കാട്ടി, കൃതിമ ബില്ലുകൾ തയ്യാറാക്കിയായിരുന്നു ഈ കമ്പനികൾ വഴിയുള്ള വെട്ടിപ്പ്. കുറ്റപത്രം കോടതി അംഗീകരിക്കുന്നതോടെ വിചാരണ നടപടികളുടെ ഭാഗമായി വീണ ഉൾപ്പെടെയുള്ള പ്രതികൾക്ക് സമൻസ് അയക്കും. ആദായനികുതി വകുപ്പ് ഇൻ്ററിം സെറ്റിൽമെൻറ് ബോർഡിന്റെയും ആർഒസിയുടെയും കണ്ടെത്തലുകൾ ശരിവെക്കുന്നതാണ് എസ്എഫ്ഐഒ കുറ്റപത്രം. ദുരൂഹയിടപാടിലെ ഇഡി അന്വേഷണത്തിനും ഇതോടെ ജീവൻവെക്കാൻ സാധ്യതയേറി.

ENGLISH SUMMARY:

Permission to prosecute Veena Vijayan