നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലെന്ന് നിരീക്ഷിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. സിബിഐ അന്വേഷണ ആവശ്യം നിരസിച്ച സിംഗിൾ ബെഞ്ച് വിധിയിലെ നിരീക്ഷണങ്ങൾ വിചാരണ കോടതിയെ സ്വാധീനിക്കരുതെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണെന്നും അത് തടസ്സപ്പെടുത്താൻ അനുവദിക്കരുതെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ വാദം അംഗീകരിച്ചാണ് സിബിഐ അന്വേഷണ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളിയത്. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ വേണമെന്നായിരുന്നു കേസിലെ എട്ടാംപ്രതി നടൻ ദിലീപിന്റെ വാദം. കേസെടുത്തതിലടക്കം ഗൂഢാലോചനയുണ്ടെന്നും ദിലീപ് വാദിച്ചിരുന്നു. ഈ വാദങ്ങൾ കോടതി തള്ളി. അന്വേഷണ ആവശ്യം തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിലെ പരാമർശങ്ങൾ വിചാരണയെ ബാധിക്കരുതെന്ന് വ്യക്തമാക്കി കൊണ്ടാണ് ആറുവർഷം മുമ്പ് ദിലീപ് സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് തീർപ്പാക്കിയത്.
നടി ആക്രമിച്ച കേസിന്റെ അന്തിമവാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടരുകയാണ്. ഈയാഴ്ച തന്നെ വാദം പൂർത്തിയാക്കണം എന്നാണ് പ്രോസിക്യൂഷനും പ്രതിഭാഗത്തിനും വിചാരണ കോടതി നൽകിയിട്ടുള്ള നിർദ്ദേശം. ഇതിനിടയിലാണ് സിബിഐ അന്വേഷണ ആവശ്യം തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവും. കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായാണ് ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് നേരത്തെ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു.