സംസ്ഥാനത്ത് മഴ രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. അഞ്ചു ജില്ലകളില്‍ യെലോ അലര്‍ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് മുന്നറിയിപ്പ്. ഇവിടങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. തിരുവനന്തപുരത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു.
അതിനിടെ കന്യാകുമാരി തീരത്ത് നാളെ രാവിലെ പതിനൊന്നര മുതല്‍ രാത്രി പതിനൊന്നര വരെ കള്ളക്കടല്‍ പ്രതിഭാസമുണ്ടായേക്കാമെന്നും ഇതിന്‍റെ ഭാഗമായി ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാമെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരത്ത് കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മുന്നറിയിപ്പിങ്ങനെ:
- കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
- ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
- കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
- INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.
- മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
- തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.
ENGLISH SUMMARY:
Kerala Weather Update: IMD forecasts rain for the next two days. Yellow alert issued in Thiruvananthapuram, Kollam, Pathanamthitta, Idukki, and Kottayam. Thunderstorms and isolated showers expected.