ശമ്പള വർധനക്ക് വേണ്ടി സമരം ചെയ്ത അങ്കണവാടി ജീവനക്കാരെ പിരിച്ചു വിടാൻ നീക്കം. സമരം ചെയ്തതും സർക്കാറിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചതും തെറ്റെന്ന് കാണിച്ച് കാരണം കാണിക്കൽ നോട്ടിസ് നൽകി. തിരുവനന്തപുരത്ത് എൽഡിഎഫ് ഭരിക്കുന്ന ഉഴമലയ്ക്കൽ പഞ്ചായത്താണ് അവിടത്തെ അങ്കണവാടി ജീവനക്കാർക്ക് നോട്ടീസ് നൽകിയത്. നിയമനടപടി സ്വീകരിക്കാതിരിക്കാൻ ഏഴ് ദിവസത്തിനകം കാരണം കാണിക്കണമെന്നാണ് നോട്ടിസിലെ ഭീഷണി.
സെക്രട്ടേറിയറ്റിന് മുന്നിൽ ഐഎൻടിയുസിയുടെ നേതൃത്വത്തിലെ സമരം മന്ത്രിയുമായുള്ള ചർച്ചയിൽ ഒത്തു തീർപ്പായി പിരിഞ്ഞതിന് പിന്നാലെയാണ് പ്രതികാര നടപടി. മന്ത്രിമാരുടെ വാക്കാൽ ഉറപ്പിലാണ് കോൺഗ്രസ് അനുകൂല അങ്കണവാടി ഫെഡറേഷൻ സെക്രട്ടേറിയറ്റിന് മുൻപിലെ രാപ്പകൽസമരം അവസാനിപ്പിച്ചത്. ഓണറേറിയം കൂട്ടുന്നത് ഉൾപ്പെടെ ആവശ്യങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.