ഫയല്‍ ചിത്രം
പ്രതിപക്ഷം ഒന്നാകെ സമരത്തെ പിന്തുണയ്ക്കുമ്പോൾ ഒറ്റുന്ന നിലപാടാണ് ഐഎൻടിയുസിയുടെ ഭാഗത്തു നിന്നുണ്ടായതെന്നു ആശാ വര്‍ക്കര്‍മാര്‍. ചർച്ചയിൽ സർക്കാറിനൊപ്പം ചേർന്നുള്ള നിലപാടാണ് സംസ്ഥാന പ്രസിഡന്‍റ് ആർ.ചന്ദ്രശേഖരൻ സ്വീകരിച്ചത്. ഐഎൻടിയുസി കൂടി പിന്തുണച്ചതോടെ ആശാ സമരക്കാരെ പൂർണമായി അവഗണിച്ച് കമ്മീഷൻ രൂപീകരണവുമായി സർക്കാർ മുന്നോട്ടു പോകുകയാണ്.
സമരക്കാർക്കൊപ്പം നിൽക്കണമെന്ന് വി.ഡി.സതീശനും കെസി വേണുഗോപാലും താക്കീത് നൽകിയതോടെയാണ് സമരക്കാർക്ക് ഒപ്പമെന്ന് ആർ.ചന്ദ്രശേഖരൻ നിലപാടെടുത്തത്. എന്നാൽ പരസ്യ നിലപാട് ഇതാണെങ്കിലും ചന്ദ്രശേഖരന്‍റെ മനസ്സ് ഇപ്പോഴും സർക്കാരിനൊപ്പമാണെന്ന് ആശമാർ പറഞ്ഞു. ആരോഗ്യ മന്ത്രിയുമായുള്ള ചർച്ചയ്ക്ക് കയറിയപ്പോൾ സിഐടിയുവിനൊപ്പം നിന്ന് ഒറ്റുകയാണ് അവര്‍ ചെയ്തതെന്നും ആശമാര്‍ വ്യക്തമാക്കി. എന്നാല്‍ ഒറ്റുന്നത് എന്താണെന്ന് അറിയില്ലെന്നായിരുന്നു ചന്ദ്രശേഖരന്‍റെ മറുപടി. സംഭവത്തില്‍ ആര്‍.ചന്ദ്രശേഖരന്‍റെ നിലപാടല്ല കോണ്‍ഗ്രസിനെന്ന് വി.ഡി.സതീശന്‍ പ്രതികരിച്ചു. ചന്ദ്രശേഖരനെതിരായ ആക്ഷേപം കോണ്‍ഗ്രസ് ഗൗരവമായി പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇനി ചർച്ചയില്ലെന്നാണ് സർക്കാർ നിലപാട്. സമരം ചെയ്യുന്ന ആശാ പ്രവർത്തകരുടെ അഭിപ്രായം തേടാതെ കമ്മീഷൻ രൂപീകരണവും ആയിട്ട് മുന്നോട്ടുപോവുകയാണ് സർക്കാർ. ഐഎൻടിയുസി, സിഐടിയു, എഐടിയുസി പോലുള്ള മറ്റ് യൂണിയനുകൾ കമ്മീഷന്‍ രൂപീകരണം അംഗീകരിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം ഇന്നും സമരത്തിന് പിന്തുണയറിയിച്ചു ഒട്ടേറെ പേർ സെക്രട്ടറിയേറ്റ് നടയിൽ എത്തിയിരുന്നു.