gokulam-e-raid-continues
  • ഗോകുലം ഗോപാലനെ ചോദ്യം ചെയ്തത് ഏഴര മണിക്കൂറോളം
  • '2023 മുതല്‍ ഗോകുലം ഗോപാലന്‍ അന്വേഷണപരിധിയില്‍'
  • 'നിലവിലെ വിവാദങ്ങളുമായി റെയ്ഡിന് ബന്ധമില്ല'

വിദേശ നാണയ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് ഇന്നും തുടരും. ചെന്നൈ കോടമ്പാക്കത്തെ ഓഫിസിലും വീട്ടിലും ഇന്നലെ 14 മണിക്കൂർ നീണ്ട പരിശോധന അർധരാത്രിയോടെയാണ് പൂർത്തിയായത്. ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലനെ കോഴിക്കോടും ചെന്നൈയിലുമായി ഏഴര മണിക്കൂറിലേറെയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്നാണ് സൂചന. ഗോകുലം ചിട്ടിയിടപാടുകളുമായി ബന്ധപെട്ട് നടന്ന ഇടപാടുകൾ കേന്ദ്രീകരിച്ചാണ് ഇഡിയുടെ പരിശോധന. 2022 ൽ കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണം. 

ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകൾ 3 മാസമായി നിരീക്ഷണത്തിൽ ആണെന്ന് ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു. ഇടപെടുകളിൽ സംശയം തോന്നിയ സാഹചര്യത്തിൽ ആണ് റെയ്ഡ്. സമീപകാല വിവാദങ്ങളുമായി റെയ്‌ഡിനെ ബന്ധിപ്പിക്കരുത് എന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു. എമ്പുരാൻ സിനിമ രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് റെയ്ഡ് എന്ന  വ്യാപക പ്രചാരണം ഉയർന്നുവന്ന സാഹചര്യത്തിലാണ് ഇഡിയുടെ വിശദീകരണം. 

2023 മുതലാണ് ഗോകുലം ഗോപാലൻ ഇഡിയുടെ അന്വേഷണ പരിധിയിൽ എത്തിയത്. നേരത്തെ പല തവണ ചോദ്യം ചെയ്തെങ്കിലും കാര്യമായി ഒന്നും ലഭിച്ചില്ലെന്നും ഇഡി വിശദീകരിക്കുന്നു. അന്നുയർന്ന പ്രധാന പരാതിയായ വിദേശ നാണ്യ വിനിമയച്ചട്ട ലംഘനത്തിൽ കൂടുതൽ വിവരങ്ങൾ തേടാനും തീരുമാനിച്ചിട്ടുണ്ട്.

ENGLISH SUMMARY:

The Enforcement Directorate (ED) raid on Gokulam Group establishments in connection with alleged violations of foreign exchange regulations continues today. The inspection that lasted 14 hours at the office and residence in Kodambakkam, Chennai, concluded around midnight yesterday.