ജബല്‍പുരില്‍ സന്യസ്തരെ ആക്രമിച്ച ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ പിടികൂടണമെന്ന് ആക്രമിക്കപ്പെട്ട മലയാളി വൈദികന്‍റെ കുടുംബം ആവശ്യപ്പെട്ടു. തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശിയായ ഫാദര്‍ ഡേവിസ് ജോര്‍ജാണ് ആക്രമിക്കപ്പെട്ട വൈദികന്‍.
മധ്യപ്രദേശിലെ ജബല്‍പുരില്‍ ക്രൈസ്തവ തീര്‍ഥാടന സംഘത്തെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞ് പൊലീസിന് കൈമാറിയത് ചോദിക്കാന്‍ ചെന്നതായിരുന്നു വൈദികരും വിശ്വാസികളും. വൈദികന്‍ ഫാദര്‍ ഡേവിസ് ജോര്‍ജിനെ കയ്യേറ്റം ചെയ്തു. ഈ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ വ്യാപകമായി ഷെയര്‍ ചെയ്തിരുന്നു. സി.ബി.സി.ഐ. ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശിയാണ് വൈദികന്‍. നാലരപതിറ്റാണ്ടായി മധ്യപ്രദേശില്‍ ക്രൈസ്തവ സഭയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണ്.
തൃശൂര്‍ ഡി.സി.സി. പ്രസിഡന്‍റ് ജോസഫ് ടാജറ്റിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘം വൈദികന്‍റെ വീട്ടില്‍ എത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.വൈദികനു നേരെയുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ച് നാളെയും മറ്റന്നാളും തൃശൂര്‍ ജില്ലയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് സി.പി.എം. ആഹ്വാനം ചെയ്തതായി ജില്ലാ സെക്രട്ടറി കെ.വി.അബ്ദുല്‍ഖാദര്‍ അറിയിച്ചു.