മധ്യപ്രദേശിലെ ജബല്‍പുരില്‍ മലയാളി വൈദികരെയും വിശ്വാസികളെയും ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ അപലപിച്ച് സിറോ മലബാര്‍ സഭ. അക്രമികള്‍ക്കെതിരെ നടപടി വേണമെന്ന് സഭാ വക്താവ് ഫാ.ആന്‍റണി വടക്കേക്കര പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെയാണ് ജബല്‍പുര്‍ ഒംതി പൊലീസ് സ്റ്റേഷന് സമീപം അന്‍പതോളം പേരടങ്ങുന്ന സംഘം വൈദികരെ മര്‍ദിച്ചത്. തീര്‍ഥാടകര്‍ക്കെതിരായ അതിക്രമം അറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴാണ് വൈദികരായ ഫാ. ഡേവിസ് ജോര്‍ജ്, ഫാ.ജോര്‍ജ് തോമസ് എന്നിവര്‍ക്കുനേരെ മര്‍ദനമുണ്ടായത്.
പൊലീസ് സ്റ്റേഷൻ പരിസരത്ത് വച്ച് നടന്ന അക്രമത്തില്‍ എസ്പിക്ക് നേരിട്ട് പരാതി കൊടുത്തിട്ടും മൊഴിയടുപ്പിനപ്പുറം നടപടിയുണ്ടായില്ലെന്നും വൈദികര്‍ ആരോപിക്കുന്നു. മതപരിവർത്തനം ആരോപിച്ച് മർദിക്കുന്നവരുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും പൊലീസ് അനങ്ങിയില്ല. നടപടി പ്രതീക്ഷിക്കുന്നതായി ഫാ. ഡേവിസ് ജോർജ് മനോരമ ന്യൂസിനോട് പറഞ്ഞു. മർദനമുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.
അതേസമയം, ജബല്‍പുര്‍ വിഷയം സഭനിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണം എന്നാവശ്യപ്പെട്ട് ലോക്സഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. സ്പീക്കര്‍ ചോദ്യോത്തരവേളയിലേക്ക് കടന്നതോടെ മുദ്രാവാക്യം വിളികളോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സഭ ചേരും മുന്‍പ് പാര്‍ലമെന്‍റിന്‍റെ പ്രവേശനകവാടത്തിലും കേരളത്തില്‍നിന്നുള്ള അംഗങ്ങള്‍ പ്രതിഷേധിച്ചു.